
16 വയസ്സുള്ള ഒരു മുസ്ലീം പെൺകുട്ടിക്കും 30 വയസ്സുള്ള ഭർത്താവിനും സംരക്ഷണം നൽകിയ 2022 ലെ പഞ്ചാബ്, ഹരിയാന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (NCPCR)ഹർജി സുപ്രീം കോടതി തള്ളി. മുസ്ലീം വ്യക്തിനിയമപ്രകാരം, പ്രായപൂർത്തിയായ അല്ലെങ്കിൽ 15 വയസ്സിനു മുകളിലുള്ള ഒരു പെൺകുട്ടിക്ക്, പോക്‌സോ നിയമത്തിലെ വ്യവസ്ഥകൾ പരിഗണിക്കാതെ ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാൻ അവകാമുണ്ടെന്ന് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. തുടർന്ന് ദമ്പതികളായ ജാവേദ്, ആഷിയാന എന്നിവർക്കും അവരുടെ കുട്ടിക്കും കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തുന്നവരിൽ നിന്ന് ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം നൽകാനും കോടതി ഉത്തരവിട്ടു. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
കുടുംബത്തിന് സംരക്ഷണം നൽകുന്ന ഉത്തരവിനെ ചോദ്യം ചെയ്തതിന് പോക്‌സോ ലംഘനം ആരോപിച്ച എൻസിപിസിആറിനെ സുപ്രീം കോടതി വിമർശിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഹൈക്കോടതി സംരക്ഷിക്കുന്നുണ്ടെങ്കിൽ, അത്തരമൊരു ഉത്തരവിനെ നിങ്ങൾക്ക് എങ്ങനെ ചോദ്യം ചെയ്യാൻ കഴിയുമെന്നും ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. "പ്രായപൂർത്തിയാകാത്ത ഒരാൾക്ക് സംരക്ഷണം നൽകുന്നത് എങ്ങനെ ബാധിക്കുമെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
നേരത്തെ കേസിനാസ്പദമായ വിവാഹം ശൈശവ വിവാഹവും ബാലലൈംഗിക പീഡനവുമാണെന്നും എൻസിപിസിർ ആരോപിച്ചു. കോടതി സംരക്ഷണം നൽകുന്നത് തുടരാമെന്നും എന്നാൽ 15 വയസ്സുള്ള ഒരു പെൺകുട്ടിക്ക് വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തിൽ വിവാഹത്തിൽ ഏർപ്പെടാൻ നിയമപരമായും മാനസികമായും ശേഷിയുണ്ടോ എന്ന് ബാലാവകാശ സംഘടനയ്ക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ട് ചോദിച്ചു. എന്നാൽ സുപ്രീം കോടതി അതിനോട് യോജിച്ചില്ല. കുട്ടികൾക്ക് ജീവന് സംരക്ഷണം നൽകുന്ന ഒരു ഉത്തരവ് കൈകാര്യം ചെയ്യുമ്പോൾ നിയമപരമായ ഒരു പ്രശ്നത്തെക്കുറിച്ച് ചർച്ച ചെയ്യാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. സമാനമായ കേസുകളിലെ മറ്റ് മൂന്ന് ഹർജികൾ കൂടി കോടതി തള്ളി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.