
വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പ്രതിപക്ഷ എംപിമാർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചതോടെ എംപിമാരെ അറസ്റ്റ് ചെയ്തുനീക്കി. സംഭവത്തിൽ പൊലീസ് തന്നെ പിടിച്ചുതള്ളിയതായും മറ്റ് എംപിമാരെ മർദിച്ചതായും ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.
ഞങ്ങളെ പൊലീസ് വളരെ മൃഗീയമാണ് വലിച്ചിഴച്ചത്. ആദ്യ ഘട്ടത്തിൽ തന്നെ എംപിമാരെ അവിടെ തടഞ്ഞപ്പോൾ ബാരിക്കേഡ് മറികടന്നുകൊണ്ട് അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ ഏതാനും പ്രതിപക്ഷ എംപിമാർ ബാരിക്കേടിന് അപ്പുറത്ത് എത്തുകയുണ്ടായി. അതിശക്തമായ മർദനമാണ് അതേതുടർന്ന് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. അവിടെ നിന്നും അപ്പോൾ തന്നെ പൊലീസ് ബലപ്രയോഗം നടത്തി അറസ്റ്റ് ചെയ്തു. വളരെ വലിയൊരു അക്രമമാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ജനാധിപത്യം ഏറ്റവും തകരാറിലായ ഒരു അവസ്ഥയിലാണ് എത്തിയിരിക്കുന്നത്. ഇതിൽ പ്രതികരിക്കാതിരിക്കാൻ നിർവ്വാഹമില്ല എന്നതുകൊണ്ടാണ് എല്ലാ എംപിമാരും ഒറ്റക്കെട്ടായി സമരരംഗത്തേക്ക് വന്നത്. ഈ ഒരു തലത്തിലാണ് ഇലക്ഷൻ കമ്മീഷന്റെയും സർക്കാരിന്റെയും സമീപനമെങ്കിൽ അതിശക്തമായ പ്രക്ഷോഭത്തിലൂടെ കടന്നുപോകും എന്ന കാര്യത്തിൽ സംശയമില്ല- ഡീൻ കുര്യാക്കോസ് എംപി വ്യക്തമാക്കി.
പ്രതിപക്ഷ എംപിമാർ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മാർച്ചിൽ പങ്കെടുത്തിരുന്നു. പൊലീസുമായി ഉന്തും തള്ളുമുണ്ടായതിനെ തുടർന്ന് എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.