
ഇടുക്കി ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ഇരട്ടവോട്ടുകളുണ്ടെന്ന പരാതിയുമായി വീണ്ടും കോൺഗ്രസ് രംഗത്തെത്തി. തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിലും ഉടുമ്പൻചോലയിലുമായി ഓരേ പോലെ വോട്ടർ പട്ടികയിൽ പേരുള്ള നിരവധി പേരുണ്ടെന്നാണ് കോൺഗ്രസിന്‍റെ പരാതി.
കേരളത്തിലും തമിഴ്നാട്ടിലും ഒരു താമസമുള്ളവർക്കാണ് ഇരട്ടവോട്ടുമുള്ളത്. തമിഴ്നാട്ടിലെ വോട്ടർമാർക്ക് ആനുകൂല്യങ്ങൾ കൂടുതൽ ലഭിക്കുന്നതിനാലാണ് പലരും അവിടുത്തെ വോട്ട് നിലനിർത്തുന്നത്. ഉടുമ്പൻചോലയിൽ ഏലത്തോട്ടമുള്ളവരോ പണിക്കെത്തുന്നവരോ ആണ് ഇവരെല്ലാം തന്നെ. ബോഡിനായ്ക്കന്നൂർ മണ്ഡലത്തിനൊപ്പം ഉടുമ്പൻചോലയിലും വോട്ടുള്ള 50 പേരുടെ വിവരങ്ങളുമായാണ് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്തും ഇത് സംബന്ധിച്ച് പരാതിയുയർന്നിരുന്നു. തുടർന്ന് ജില്ല ഭരണകൂടം ഇരട്ടവോട്ടുള്ള 272 പേരെ കണ്ടെത്തി നോട്ടീസ് അയച്ചു. ഹിയറിംഗിന് ഹാജരായതിൽ ഭൂരിഭാഗം പേരും തമിഴ്നാട്ടിലെ വോട്ടർ പട്ടികയിലെ പേര് നിലനിർത്തി കേരളത്തിലേത് ഒഴിവാക്കിയിരുന്നു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുന്നതിനൊപ്പം ഹൈക്കോടതിയെ സമീപിക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.