HONESTY NEWS ADS

അര്‍ജന്‍റീന ഫുട്ബോള്‍ ടീമിനെ കേരളത്തിലെത്തിക്കാനായിഅർജന്‍റീന ഫുട്ബോള്‍ അസോസിയേഷന് 130 കോടി രൂപ നല്‍കി, പണം വാങ്ങിയശേഷം വന്നില്ലെങ്കില്‍ നിയമനപടിയെന്ന് ആന്‍റോ അഗസ്റ്റിൻ

അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്(എഎഫ്എ) 130 കോടി രൂപ കൈമാറിയിരുന്നുവെന്ന് റിപ്പോര്‍ട്ടര്‍ ടിവി ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷൻ എം ഡി ആന്‍റോ അഗസ്റ്റിൻ

ലിയോണല്‍ മെസിയുള്‍പ്പെടുന്ന അര്‍ജന്‍റീന ഫുട്ബോള്‍ ടീമിനെ കേരളത്തിലെത്തിക്കാനായി അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്(എഎഫ്എ) 130 കോടി രൂപ കൈമാറിയിരുന്നുവെന്ന് റിപ്പോര്‍ട്ടര്‍ ടിവി ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷൻ എം ഡി ആന്‍റോ അഗസ്റ്റിൻ. പണം വാങ്ങിയ ശേഷം വരാതിരിക്കുന്നത് ചതിയാണെന്നും വരാതിരുന്നാല്‍ നിയമ നടപടികള്‍ ആലോചിക്കുമെന്നും ആന്‍റോ അഗസ്റ്റിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


മെസിയുള്‍പ്പെടുന്ന അര്‍ജന്‍റീന ടീമിനെ കേരളത്തിലെത്തിക്കാനായി അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷനുമായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍ കരാർ ഉണ്ടാക്കിയിട്ടുണ്ട്. ഒക്ടോബർ മാസത്തിൽ കേരളത്തിൽ കളിക്കാമെന്ന് എ എഫ് എ സമ്മതിച്ചതുമാണ്. ഇതിന്‍റെ ഭാഗമായി ജൂണ്‍ ആറിനാണ് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന് 130 കോടി രൂപ നല്‍കിയത്. എല്ലാ അനുമതിയും എടുത്ത ശേഷമാണ് പണം കൈമാറിയത്. പിരിച്ചെടുത്ത പണമല്ല, കൈമാറിയ 130 കോടിയും സ്വന്തം പണമാണ്. രേഖകൾ പുറത്തു വിടരുതെന്ന് കരാറിൽ വ്യവസ്ഥയുള്ളതുകൊണ്ട് പണം കൈമാറിയ രേഖകൾ പുറത്തുവിടാനാവില്ല.


മുഴുവൻ പൈസയും ക്രെഡിറ്റ് ആയെന്ന് പറയുന്ന അര്‍ജന്‍റീന ഫുട്ബോൾ അസോസിയേഷന്‍റെ ഇ മെയിൽ മറുപടിയും ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അടുത്ത ലോകകപ്പിന് ശേഷം അർജന്‍റീനയെ കേരളത്തിലേക്ക് കൊണ്ടുവരാൻ താൽപര്യമില്ല. ഇക്കാര്യം എ എഫ് എ യെ അറിയിച്ചു, പിന്നീട് അവർ മറുപടിയൊന്നും തന്നിട്ടില്ല. അർജന്‍റീന ടീം വരില്ലെന്ന് അവർ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതിനിടെ മെസിയുള്‍പ്പെടുന്ന അര്‍ജന്‍റീന ടീം ഡിസംബറില്‍ ഇന്ത്യയിലെത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മെസി കേരളത്തില്‍ വരുന്നില്ലെങ്കില്‍ ഇന്ത്യയിൽ എവിടെയും വരില്ലെന്നും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷനുമായാണ് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ കരാറുണ്ടാക്കിയിരിക്കുന്നതെന്നു ആന്‍റോ അഗസ്റ്റിൻ പറഞ്ഞു. 


ഒക്ടോബർ മാസത്തിലെ വിൻഡോ എ എഫ് എ ഇതുവരെ അടച്ചിട്ടില്ല. കേരളത്തിന്‍റെ സാദ്ധ്യതകൾ മനസിലാക്കി വിലപേശലിന് ശ്രമിക്കുകയാണോ എഎഫ്എ എന്ന് സംശയിക്കുന്നു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കളി നടത്താനുള്ള കാര്യങ്ങൾ എല്ലാം ചെയ്തിരുന്നു. ഒക്ടോബറിൽ വരുമോ എന്നറിയിക്കാൻ രണ്ടാഴ്ച കൂടി കാത്തിരിക്കും. അതിന് ശേഷം നിയമ നടപടികളിലേക്ക് കടക്കുമെന്നും ആന്‍റോ അഗസ്റ്റിൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS