
കഞ്ഞിക്കുഴി സി.എച്ച്.സിയില്‍ ഉടന്‍ കിടത്തി ചികിത്സയാരംഭിച്ചില്ലെങ്കില്‍ അനിശ്‌ചിതകാല നിരാഹാര സമരമാരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വികസനകാര്യ കമ്മിറ്റി ചെയര്‍മാന്‍ ബിനോയി വര്‍ക്കി അറിയിച്ചു. നിലവില്‍ അഞ്ചു ഡോക്‌ടര്‍മാരും അത്യാവശ്യ ജീവനക്കാരും ഉണ്ടെങ്കിലും ഒന്നര മാസത്തോളമായി കിടത്തി ചികിത്സ നിര്‍ത്തിവെച്ചത് മെഡിക്കല്‍ ഓഫീസറുടെ വീഴ്‌ചയും സ്വകാര്യ ആശുപത്രിയെ സഹായിക്കാനുമാണെന്ന് ബിനോയി ആരോപിച്ചു. ഏറ്റവും കൂടുതല്‍ ആദിവാസികളുള്ളതും 18 വാര്‍ഡുകളിലായി പതിനായിരത്തോളം കുടുംബങ്ങള്‍ താമസിക്കുന്നതുമായ ഏറ്റവും വലിയ പഞ്ചായത്തുകളിലൊന്നാണ് കഞ്ഞിക്കുഴി. യാത്രാ സൗകര്യങ്ങള്‍ കുറവുള്ള പഞ്ചായത്തിലെ ഏറ്റവും പാവപ്പെട്ടവര്‍ താമസിക്കുന്ന പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ സ്‌ഥാപനമാണ് കഞ്ഞിക്കുഴി സി.എച്ച്.സി. ഇവിടെ ചികിത്സ തടസപ്പെട്ടതോടെ ഇടുക്കി മെഡിക്കല്‍ കോളജിനേയും തൊടുപുഴ താലൂക്ക് ആശുപത്രിയേയും ആശ്രയിക്കേണ്ട അവസ്‌ഥയാണ്.
പല കുടുംബങ്ങള്‍ക്കും വണ്ടിവിളിച്ച് ദൂരെപോകുന്നതിനുള്ള കഴിവില്ല. അതിനാല്‍ ആദിവാസികളും, പാവപ്പെട്ട കര്‍ഷകരും വീട്ടില്‍ തന്നെ കഴിയുകയാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കഞ്ഞിക്കുഴി സി.എച്ച്.സിയില്‍ എല്ലാവിധ അടിസ്‌ഥാന സൗകര്യങ്ങളും നല്ല ലാബും പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷം 69 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെന്നും ബിനോയി വര്‍ക്കി പറഞ്ഞു.
ഒരു ജനറേറ്ററിന്റെ കുറവാണ് നിലവില്‍ ഡോക്‌ടര്‍മാര്‍ പറഞ്ഞിട്ടുള്ളത്. ഇതിനുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഇതു വാങ്ങേണ്ടത് മെഡിക്കല്‍ ഓഫീസറാണെന്നും ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍ പറഞ്ഞു. കഴിഞ്ഞയാഴ്‌ച ഗുരുതരാവസ്‌ഥയിലായ പാലിയറ്റീവ് രോഗിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ചികിത്സിക്കാതിരുന്നത് നേരിയ സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ചികിത്സ നിഷേധിച്ചതിന് സര്‍ക്കാര്‍ അനുകൂല സംഘടനയായ കെ.ജി.എം.ഒ. ജില്ലാ പ്രസിഡന്റ് ഡോക്‌ടര്‍മാര്‍ക്ക് അനുകൂലമായ നിലപാടെടുത്തത് രോഗികളോടുള്ള വെല്ലുവിളിയാണെന്നും ജോലിചെയ്യാതെ ശമ്പളം വാങ്ങുന്നത് ന്യായീകരിക്കാനാവില്ലെന്നും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പറഞ്ഞു. ഉടന്‍ ചികിത്സയാരംഭിച്ചില്ലെങ്കില്‍ നിരാഹാര സമരമാരംഭിക്കുമെന്നും ബിനോയി വര്‍ക്കി പറഞ്ഞു.