പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് വ്യക്തിഗത പഠനമുറി സൗകര്യവുമായി സര്‍ക്കാര്‍. അഞ്ചു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് വീടിനോട് ചേര്‍ന്ന് പഠനമുറി ഒരുക്കുന്നതിന് രണ്ട് ലക്ഷം രൂപ വരെ അനുവദിക്കും. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ വരെയുള്ള പട്ടികജാതി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
അഞ്ചു മുതല്‍ പ്ലസ് ടു വരെയുള്ള പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീടിനോട് ചേര്‍ന്ന് പഠനമുറി ഒരുക്കാം. പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി. സര്‍ക്കാര്‍, എയ്ഡഡ്,ടെക്‌നിക്കല്‍, സ്‌പെഷ്യല്‍ ,കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം അനുകൂല്യത്തിന് അര്‍ഹതയുണ്ട്.
120 സ്‌ക്വയര്‍ ഫീറ്റിലാണ് പഠനമുറി ഒരുക്കേണ്ടത്.മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്യണം, ചുവരുകള്‍ പ്ലാസ്റ്ററിംഗ് നടത്തണം, തറ ടൈല്‍ പാകണം, വാതിലും , ജനലുകളും ഉണ്ടാവണം.പുസ്തകങ്ങള്‍ സൂക്ഷിക്കുന്നതിന് ഭിത്തി അലമാര വേണം, അതും രണ്ട് കുട്ടികള്‍ക്കാവശ്യമുള്ളത്. വൈദ്യുതീകരിച്ച് ലൈറ്റ്, ഫാന്‍ എന്നിവ സ്ഥാപിക്കണം.
പ്രവര്‍ത്തന പുരോഗതി വിലയിരുത്തി നാല് ഗഡുക്കളായി ധനസഹായം നല്‍കും. നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടങ്ങളും ബന്ധപ്പെട്ട ബ്ലോക്ക് /മുനിസിപ്പാലിറ്റി /കോര്‍പ്പറേഷനുകളിലെ പട്ടികജാതി വികസന ഓഫിസര്‍മാര്‍ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം തുക അനുവദിക്കണം. പഠനമുറി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാന്‍ മുന്‍ഗണന മാനദണ്ഡവും നിശ്ചയിച്ചുണ്ട്.
പഠനമുറി നിര്‍മ്മിക്കുന്നതിന് സ്ഥലപരിമിതിയുള്ള കേസുകളില്‍ മാത്രം നിലവിലുള്ള വീടിന്റെ മുകളില്‍ പഠനമുറി നിര്‍മ്മിക്കുന്ന കാര്യം പരിശോധിച്ച് അനുമതി നല്‍കാം. ധനസഹായം ലഭിക്കുന്നതിന് എസ്റ്റിമേറ്റ്, പ്ലാന്‍, വാലുവേഷന്‍ എന്നിവ ഗുണഭോക്താക്കള്‍ നല്‍കേണ്ടതില്ല. പഠനമുറിക്ക് അര്‍ഹരായ വിദ്യാര്‍ഥികള്‍ ഓഗസ്റ്റ് 30 നുള്ളില്‍ അപേക്ഷിക്കണം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.