
കുവൈത്തിലെ വിഷ മദ്യ ദുരന്തത്തിൽ മരിച്ചവരിൽ മലയാളിയും. കണ്ണൂര്‍ സ്വദേശിയായ യുവാവാണ് മരിച്ചത്. കണ്ണൂര്‍ ഇരിണാവ് സ്വദേശി പി സച്ചിന്‍ ആണ് മരിച്ചത്. 31 വയസായിരുന്നു. പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന സച്ചിൻ നാലു വർഷം മുൻപാണ് കുവൈത്തിലെത്തിയത്. സച്ചിൻ മരിച്ചതായി കുടുംബാംഗങ്ങള്‍ക്ക് വിവരം ലഭിച്ചു.മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമങ്ങൾ തുടങ്ങിയതായി ബന്ധുക്കൾ പറഞ്ഞു. കുവൈത്തിലടക്കം സന്നദ്ധ പ്രവര്‍ത്തനങ്ങളിൽ സച്ചിൻ സജീവമായിരുന്നു. നാട്ടിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലടക്കം സജീമായിരുന്നു. കഴിഞ്ഞ ഞായറാഴ്ച മുതലാണ് മെഥനോൾ കലർന്ന പാനീയങ്ങൾ കഴിച്ചതിന് പിന്നാലെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ 63 പേർക്ക് വിഷബാധയേറ്റത്. 13 പേര്‍ ദുരന്തത്തിൽ മരിച്ചതായി എംബസി സ്ഥിരീകരിച്ചിട്ടുണ്ട്.
മരിച്ചവരിൽ ആറുപേര്‍ മലയാളികളാണെന്നാണ് അനൗദ്യോഗിക വിവരം. വിഷമദ്യദുരന്തത്തിൽ 21 പേർക്ക് കാഴ്ച നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും നില ഗുരുതരമായി തുടരുകയുമാണ്. അതേസമയം, കുവൈത്തിലെ വ്യാജമദ്യ ദുരന്തത്തിൽ ചിലർ കസ്റ്റഡിയിലായതായും സൂചനയുണ്ട്. അനധികൃത മദ്യ നിർമ്മാണവും വിൽപ്പനയുമായി ബന്ധമുള്ള ഏഷ്യക്കാരായ പ്രവാസികളാണ് കസ്റ്റഡിയിലായത്. രാജ്യത്തെ അനധികൃത മദ്യനിർമ്മാണ കേന്ദ്രങ്ങൾക്കെതിരെ വിവരം ശേഖരിച്ച് നടപടി തുടങ്ങിയിരിക്കുകയാണ് കുവൈത്ത്. ഇതിന്‍റെ ഭാഗമായാണ് ജലീബ് അൽ ഷുയൂഖിൽ നിന്നുൾപ്പടെ പ്രവാസികളായ നടത്തിപ്പുകാർ പിടിയിലായിരിക്കുന്നത്. ഇവർ ഏത് രാജ്യക്കാരാണെന്ന വിവരം വ്യക്തമല്ല.
കഴിഞ്ഞ കുറെ നാളുകളിലായി രാജ്യത്ത് നടന്ന് വരുന്ന വ്യാപക സുരക്ഷാ പരിശോധനയിൽ നിരവധി മദ്യ നിർമാണ കേന്ദ്രങ്ങളാണ് ആഭ്യന്തര മന്ത്രാലയം അടച്ചു പൂട്ടിയത്. 52 പേരാണ് ജൂലൈ 24ന് മാത്രം പിടിയിലായത്. മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഉൾപ്പടെ തുടർനടപടികൾ ഉടനെ പൂർത്തിയാക്കുമെന്നാണ് കണക്കാക്കുന്നത്. കുവൈത്ത് വിഷമദ്യ ദുരത്തിൽ 40 ഇന്ത്യക്കാര്‍ ചികിത്സയിലുള്ളതായി ഇന്ത്യൻ എംബസി നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ഇക്കൂട്ടത്തിൽ മലയാളികളും ഉണ്ടെന്നുള്ള സൂചനയും പുറത്തുവന്നിരുന്നു. ചില മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ഇന്ത്യൻ എംബിസി സ്ഥിരീകരിക്കുമ്പോഴും എണ്ണമടക്കമുള്ള കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. ചിലര്‍ ഗുരുതരാവസ്ഥയിലാണെന്നും മറ്റു ചിലര്‍ സുഖം പ്രാപിച്ച് വരുന്നതായും ഇന്ത്യൻ എംബസി പുറത്തുവിട്ട റിപ്പോര്‍ട്ടിൽ പറയുന്നു. ചികിത്സയിലുള്ളവരിൽ കൂടുതൽ പേരും മലയാളികളാണെന്നും സൂചനയുണ്ട്.
ആകെ 63 പേരാണ് ചികിത്സയിലുള്ളത്. ഇവരെല്ലാം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 31 പേര്‍ വെന്റിലേറ്ററിലാണ്. 51 പേര്‍ക്ക് അടിയന്തര ഡയാലിസിസ് പൂര്‍ത്തിയാക്കിയതായും അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്. ഇതിൽ 21 പേര്‍ക്കെങ്കിൽ അന്ധതയോ കാഴ്ചക്കുറവോ ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്. മലയാളികള്‍ക്ക് പുറമെ ആന്ധ്ര, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളും മരിച്ച ഇന്ത്യക്കാരിൽ ഉൾപ്പെടുന്നതായി റിപ്പോര്‍ട്ടുകളിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ഇന്ത്യൻ എംബസി ഒരു ഹെൽപ്‌ലൈൻ നമ്പർ നൽകിയിട്ടുണ്ട്: +965 6550158 കൂടുതൽ വിവരങ്ങൾ അറിയാൻ ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
മദ്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യമാണ് കുവൈത്ത്. അനധികൃതമായി മദ്യം നിര്‍മ്മിക്കുന്നതിനെതിരെ കര്‍ശന നടപടികൾ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. അനധികൃത മദ്യ നിര്‍മ്മാണം കണ്ടെത്തുന്നതിനായി സുരക്ഷാ പരിശോധനകളും കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ശക്തമാണ്.