രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ടാൽ ഉപതിരഞ്ഞെടുപ്പുണ്ടാകുമെന്ന് നേതൃത്വത്തിന് ആശങ്ക. നിലവിലെ സാഹചര്യത്തിൽ പാലക്കാട് വൻ തിരിച്ചടി നേരിടുമെന്നും നേതൃത്വത്തിന് ആശങ്കയുണ്ട്. ഉപതിരഞ്ഞെടുപ്പ് ഫലം തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളെ ബാധിച്ചേക്കുമെന്നും നേതൃത്വം വിലയിരുത്തുന്നു.
അതേസമയം രാഹുൽ രാജിവെച്ചാൽ എതിരാളികൾക്കു മേൽ മുൻതൂക്കം നേടാമെന്നാണ് വിഡി സതീശന്റെ നിലപാട്. വിഡി സതീശനെ പിന്തുണയ്ക്കുന്നവർക്കും ഇതേ നിലപാടാണ്. കുറച്ചുകൂടി കാത്തിരിക്കാമെന്ന് മറുപക്ഷം പറയുന്നുന്നത്. പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അടൂരിലെ വസതിയിൽ തുടരുകയാണ്.
രാജിവെക്കില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഇതുവരെ പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല എന്നാണ് രാഹുലുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. വിവാദങ്ങൾ കെട്ടടങ്ങും വരെ അടൂരിലെ വീട്ടിൽ തന്നെ തുടരാനാണ് രാഹുലിന്റെ തീരുമാനം. കഴിഞ്ഞദിവസം ജില്ലയിലെ പ്രധാന നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ പ്രതിഷേധ സാധ്യത ഇല്ലാത്ത സാഹചര്യത്തിൽ രാഹുലിന്റെ വീടിനു മുന്നിലെ ബാരിക്കേഡ് ഉൾപ്പെടെ പൊലീസ് എടുത്തുമാറ്റി. വീടിന് ഏർപ്പെടുത്തിയ സുരക്ഷ തുടരും.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമന്ന ആവശ്യം കോൺഗ്രസിൽ ശക്തം. രാഹുലിൻ്റെ രാജി ചോദിച്ചു വാങ്ങണമെന്ന പക്ഷക്കാരാണ് പ്രധാന നേതാക്കളെല്ലാം. ഷാഫി പറമ്പിൽ മാത്രമാണ് രാഹുൽ രാജിവെക്കേണ്ടതില്ല എന്ന് നിലപാടെടുത്തിട്ടുള്ളത്. വി.ഡി സതീശനാണ് രാഹുലിനെതിരെ ഏറ്റവും കടുത്ത നിലപാടെടുത്തത്. രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടുന്ന ടീമിനെ നയിച്ച് നിയമസഭാ സമ്മേളനത്തിലേക്ക് പോകാൻ കഴിയില്ല എന്നാണ് വി.ഡി സതീശൻ്റെ നിലപാട്. ഇക്കാര്യം എ.ഐ.സി.സി നേതൃത്വത്തേയും അറിയിച്ചുവെന്നാണ് സൂചന.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.