
ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ പൊതുപരിപാടിയില്‍ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയെ മാറ്റി പാലക്കാട് നഗരസഭ. പാലക്കാട് ബസ് സ്റ്റാൻഡ് ഉദ്ഘാടന ചടങ്ങിൽ നിന്ന് രാഹുൽ വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ കത്ത് നൽകി. രാഹുലിനെതിരെ ആരോപണങ്ങൾ ഉയർന്നതിനാലും പ്രതിഷേധം കണക്കിലെടുത്തുമാണ് നഗരസഭയുടെ തീരുമാനം. നഗരസഭയുടെ നാളത്തെ പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് ബിജെപിയും സിപിഎമ്മും. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തൊട്ടാകെ രാഷ്ട്രീയ, യുവജന സംഘടനകൾ സമരം ആരംഭിച്ചു. ഗര്‍ഭഛിദ്രത്തിനുള്‍പ്പെടെ നിര്‍ബന്ധിച്ചുവെന്നത് ഗുരുതര ആരോപണമെന്നും ജനപ്രതിനിധിയായി തുടരുന്നത് കേരളത്തിന് നാണക്കേടെന്നുമായിരുന്നു കെ കെ ശൈലജയുടെ പ്രതികരണം. രാഷ്ട്രീയത്തിൽ നിൽക്കാൻ അയോഗ്യനായ രാഹുല്‍ സ്ത്രീകളോട് മാപ്പ് പറയണമെന്ന് ഇ പി ജയരാജനും പ്രതികരിച്ചു. പി കെ ശ്രീമതിയും സമാന പ്രതികരണവുമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയിട്ടുള്ള എല്ലാ അശ്ളീല കൊള്ളരുതായ്മയുടെയും പിതൃത്വം വി ഡി സതീശനാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും വിമര്‍ശിച്ചു.
അതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതിയെത്തി. എറണാകുളം സ്വദേശിയും സിപിഎം അനുഭാവിയുമായ അഭിഭാഷകൻ ഷിന്റോ സെബാസ്റ്റ്യൻ ആണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. നിർബന്ധിത ഗർഭഛിദ്രത്തിന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഗർഭസ്ഥ ശിശുവിൻ്റെ ജീവിക്കാനുള്ള അവകാശം ലംഘിക്കുന്ന നടപടി രാഹുലിൽ നിന്ന് ഉണ്ടായെന്നാണ് പരാതിയിലെ ആക്ഷേപം.
ലോങ് മാര്‍ച്ച് മാറ്റിവെച്ച് യൂത്ത് കോണ്‍ഗ്രസ്
ആരോപണങ്ങള്‍ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ സ്ഥാനം രാഹൂൽ മാങ്കൂട്ടത്തില്‍ രാജിവെച്ചതോടെ യൂത്ത് കോണ്‍ഗ്രസിന്‍റെ ലോങ് മാര്‍ച്ച് മാറ്റി വെച്ചു. വോട്ട് കൊള്ളക്ക് ചൂട്ടു പിടിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നാളെയായിരുന്നു ലോങ് മാർച്ച് നടത്താൻ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്. പറവട്ടാതി മുതൽ തൃശ്ശൂർ വരെയായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ലോങ്ങ് മാർച്ച് നടക്കേണ്ടിയിരുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലായിരുന്നു പങ്കെടുക്കേണ്ടിയിരുന്നത്. പുതിയ സാഹചര്യത്തിലാണ് മാർച്ച് മാറ്റിവെച്ചത്. മാറ്റിവെച്ചതിന്‍റെ കാരണം തൃശൂരിലെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം വിശദീകരിക്കുന്നില്ല.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.