
ആരോപണങ്ങള്‍ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ സ്ഥാനം രാഹൂൽ മാങ്കൂട്ടത്തില്‍ രാജിവെച്ചതോടെ യൂത്ത് കോണ്‍ഗ്രസിന്‍റെ ലോങ് മാര്‍ച്ച് മാറ്റി വെച്ചു. വോട്ട് കൊള്ളക്ക് ചൂട്ടു പിടിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നാളെയായിരുന്നു ലോങ് മാർച്ച് നടത്താൻ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്. പറവട്ടാതി മുതൽ തൃശ്ശൂർ വരെയായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ലോങ്ങ് മാർച്ച് നടക്കേണ്ടിയിരുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലായിരുന്നു പങ്കെടുക്കേണ്ടിയിരുന്നത്. പുതിയ സാഹചര്യത്തിലാണ് മാർച്ച് മാറ്റിവെച്ചത്. മാറ്റിവെച്ചതിന്‍റെ കാരണം തൃശൂരിലെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം വിശദീകരിക്കുന്നില്ല.
ഇതിനിടെ, ആരോപണങ്ങളെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി രാഷ്ട്രീയ യുവജന സംഘടനകള്‍ രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കളും സിപിഎം നേതാക്കളും യുവജന സംഘടന നേതാക്കളും രംഗത്തെത്തി. വിവിധയിടങ്ങളിൽ രാഷ്ട്രീയ യുവജന സംഘടനകള്‍ പ്രതിഷേധ മാര്‍ച്ചും റാലിയും നടത്തി. രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തൊട്ടാകെ രാഷ്ട്രീയ, യുവജന സംഘടനകൾ സമരം ആരംഭിച്ചു. രാഹുലിന്‍റെ പാലക്കാടുള്ള എംഎൽഎ ഓഫീസിലേക്ക് കോഴികളെയും കൊണ്ടാണ് മഹിളാമോർച്ച പ്രവർത്തകർ സമരം നടത്തിയത്. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.
അതേസമയം, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനവും രാജിവെക്കണമെന്നും ബി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. ഹു കെയേഴ്സ് എന്ന ചോദ്യത്തിന് പീപ്പിള്‍ കെയേഴ്സ് എന്നാണ് ഉത്തരമെന്നും രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയിട്ടുള്ള എല്ലാ അശ്ലീല കൊള്ളരുതായ്മയുടെയും പിതൃത്വം വി ഡി സതീശനാണെന്നും ബി ഗോപാലകൃഷ്ണൻ ആരോപിച്ചു. വിഡി സതീശന്‍റെ ചിറകിനടിയിലെ പക്ഷിക്കുഞ്ഞാണ് രാഹുൽ.സ്ത്രീകളോട് അപ മര്യാദയായി പെരുമാറിയ രാഹുലിനെ സംരക്ഷിക്കുന്ന വിഡി സതീശൻ മാപ്പ് പറയണമെന്നും ബി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.