
കോതമംഗലത്തെ ടിടിസി വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആൺസുഹൃത്ത് റമീസിന്റെ ഉപ്പയെയും ഉമ്മയെയും ഇന്ന് ചോദ്യം ചെയ്യും. ഇരുവരെയും കേസിൽ പ്രതികൾ ആക്കാൻ സാധ്യതയുണ്ട്. ഇവർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയേക്കും. അതേസമയം, റമീസിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് ആലോചനയിൽ ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. റമീസിനെ ഇന്നലെ രാത്രി റിമാൻഡ് ചെയ്തു. പെണ്‍കുട്ടിയുടെ മുഖത്ത് അടി ഏറ്റതായും ചുണ്ടുകൾക്ക് പരിക്കുള്ളതായും കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും.
പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണം റമീസിൻ്റെ അവഗണനയാണെന്ന് പൊലീസ് പറയുന്നു. മതം മാറാൻ തയ്യാറാകാത്തതിനെ തുടർന്ന് സോനയെ റമീസ് അവഗണിച്ചു എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ബുധനാഴ്ച മുതൽ വിളിച്ചിട്ടും റമീസ് ഫോൺ എടുത്തില്ല. ഫോണിലൂടെ താൻ മരിക്കാൻ പോവുകയാണെന്ന് റമീസിന് പെണ്‍കുട്ടി വെള്ളിയാഴ്ചയാണ് മെസ്സേജ് അയച്ചത്. പോയി മരിച്ചോളാൻ റമീസ് പറഞ്ഞു. രജിസ്റ്റർ വിവാഹം കഴിച്ച് വാടക വീട്ടിലേക്ക് താമസം മാറ്റാമെന്ന് പറഞ്ഞെങ്കിലും റമീസ് അവഗണിച്ചു. ഉപ്പയ്ക്കും ഉമ്മയ്ക്കും ഒപ്പം തന്നെ നിൽക്കണമെന്ന് നിർബന്ധം പിടിച്ചു.
പെണ്‍കുട്ടിയ്ക്ക് റമീസിനോട് കടുത്ത പ്രണയമായിരുന്നുവെന്നും പൊലീസ് പറയുന്നു. റമീസിൻ്റെ ഫോൺ വിവരങ്ങൾ പെണ്‍കുട്ടിയ്ക്ക് അറിയാമായിരുന്നു. റമീസ് ഇന്റർനെറ്റ് വഴി അന്യസ്ത്രീകളുമായി സെക്സ് ചാറ്റ് നടത്തിയതിന്റെ വിവരങ്ങളും പെണ്‍കുട്ടിയ്ക്ക് കിട്ടിയിരുന്നു. ഇതും തമ്മിലുള്ള തർക്കത്തിന് കാരണമായെന്നും പൊലീസ് വ്യക്തമാക്കി. റമീസിനായി ഇന്ന് തന്നെ കസ്റ്റഡി അപേക്ഷ നൽകാനാണ് പൊലീസിൻ്റെ തീരുമാനം. റമീസിന്റെ ഫോൺ ഫോറൻസിക്ക് പരിശോധനയ്ക്ക് അയച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.