
കാഞ്ചിയാർ, അയ്യപ്പൻകോവിൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അയ്യപ്പൻകോവിൽ തൂക്കുപാലത്തിൽ ഒരേ സമയം 25 പേരിൽ കൂടുതൽ കയറുന്നത് നിരോധിച്ച് ഇടുക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു. അറ്റകുറ്റപ്പണികൾ നടത്താതിനാൽ നട്ടും, ബോൾട്ടും അയഞ്ഞും, കൂട്ടിച്ചേരലുകളിൽ തുരുമ്പ് പിടിച്ചും തൂക്കുപാലത്തിന് ബലക്ഷയം ഉണ്ടായിട്ടുണ്ട്. ഓണം പ്രമാണിച്ചുള്ള അവധിക്കാലമായതിനാൽ ധാരാളം വിനോദസഞ്ചാരികൾ എത്തിച്ചരുന്നതിന് സാധ്യതയുള്ളതും നിയന്ത്രണമില്ലാതെ ആളുകൾ പാലത്തിൽ കയറുന്നത് വലിയ അപകടം ഉണ്ടാക്കുമെന്ന സാഹചര്യത്തിലാണ് നിരോധനം.
ഉത്തരവ് കർശനമായി നടപ്പിലാക്കുന്നതിന് ഇടുക്കി ജില്ലാ പോലീസ് മേധാവി, ഇടുക്കി തഹസിൽദാർ, കാഞ്ചിയാർ, അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ എന്നിവരെ ചുമലതപ്പെടുത്തി. അവധി ദിനങ്ങളായ സെപ്റ്റംബർ 4 മുതൽ 9 വരെയുള്ള തീയതികളിൽ പാലത്തിന്റെ ഇരുവശത്തും പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കും. പാലത്തിൽ ഒരേ സമയം 25 പേരിൽ കൂടുതൽ കയറുന്നില്ല എന്ന് ഉറപ്പു വരുത്തും.
ഒരേസമയം 40 പേരിൽ കൂടുതൽ ആളുകൾ പാലത്തിൽ കയറുന്നത് നേരത്തെ നിരോധിച്ചിരുന്നു. 120 മീറ്റർ വീതിയും, 200 മീറ്റർ നീളവുമുള്ള തൂക്കുപാലത്തിൽ കയറി ഇടുക്കി ജലാശയത്തിന്റെ റിസർവോയറിൻ്റെ ദൃശ്യഭംഗി ആസ്വദിക്കാൻ ദിവസവും നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. പുരാതനമായ അയ്യപ്പൻകോവിൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഭക്തർ എത്തുന്നതും, കോഴിമല, അമ്പലമേട്, രാജപുരം, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമുള്ള സ്കൂൾ കുട്ടികൾ ഉൾപ്പെടെ നൂറു കണക്കിന് ആൾക്കാർ യാത്ര ചെയ്യുന്നതും ഇതുവഴിയാണ്.