സംസ്ഥാനത്ത് ഓണം നാളുകളിൽ മഴ ഭീഷണിയായി പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴി 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതാണ് ഓണക്കാലത്തെ മഴ ഭീഷണിക്ക് കാരണം. കേരളത്തിൽ മൂന്നാം തിയതി മുതൽ 6 തിയതിവരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് പ്രകാരം വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 3 ന് തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 4 ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട്. തിരുവോണ ദിവസമായ 5 ന് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത
വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും മ്യാന്മാറിനും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യത. സെപ്റ്റംബർ 03 മുതൽ 05 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
03/09/2025: തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
04/09/2025: കോഴിക്കോട്, കണ്ണൂർ, കാസർകോട്
05/09/2025: കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.