മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ. ഇടവെട്ടി ആലയ്ക്കൽ ഷിയാസ് ഇസ്മയിൽ(28), മുതലക്കോടം കൊല്ലപ്പിള്ളിൽ മാത്യൂസ്(28) തെക്കുഭാഗം ആനിക്കാട്ടിൽ ടോണി തോമസ്(30) ഇടവെട്ടി കൊച്ചുവീട്ടിൽ അക്ബർ അലി(24) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴ പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം ബാംഗ്ലൂരുവിൽ നിന്നും കസ്റ്റഡിയിൽ എടുത്ത ഇവരെ ഇന്നലെ രാത്രിയോടെയാണ് തൊടുപുഴയിൽ എത്തിച്ചത്.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ നടത്തുകയാണ്. കഴിഞ്ഞ ദിവസം തൊടുപുഴയിൽ വച്ചാണ് ഷാജൻ സ്കറിയക്ക് നേരെ ആക്രമണമുണ്ടായത്. തന്നെ കൊല്ലാൻ തന്നെയായിരുന്നു അക്രമികളുടെ ഉദ്ദേശമെന്ന് അനുഭവം വിവരിച്ചുകൊണ്ട് ഷാജൻ സ്‌കറിയ ഇന്നലെ ഏഷ്യനെറ്റ് ന്യൂസ് അവറിൽ വ്യക്തമാക്കിയിരുന്നു.
വിവാഹത്തിൽ പങ്കെടുത്ത് റിസ്പഷനായി പോകുമ്പോവാണ് വാഹനം തന്റെ വാഹനത്തിൽ ഇടിക്കുന്നത്. സാധാരണയായി ഇത്തരം സന്ദർഭങ്ങളിൽ സുരക്ഷയെ മുൻനിർത്തി താൻ ഗ്ലാസ് തുറക്കാറില്ല.പക്ഷെ കല്യാണത്തിന് വന്ന ഏതോ വാഹനം ഇടിച്ചതാണെന്ന ധാരണയിലാണ് താൻ ഗ്ലാസ് തുറന്നത്. അപ്പോഴേക്കും മാത്യൂസ് കൊല്ലപ്പളളിയുടെ നേതൃത്വത്തിൽ അഞ്ചംഗസംഘം വന്ന് എന്നെ മർദ്ദിക്കാൻ തുടങ്ങിയിരുന്നു. “നിന്നെ ഇന്ന് കൊന്നിട്ടെ പോകൂ” വെന്ന് ആക്രോശിച്ചുകൊണ്ടാണ് അക്രമികൾ മർദ്ദിക്കാൻ തുടങ്ങിയത്. കാറിന്റെ ഉള്ളിൽ കൂടിയായതിനാലാണ് അവർക്ക് എളുപ്പത്തിൽ മർദ്ദിക്കാൻ സാധിക്കാതെയിരുന്നത്. മർദ്ദനത്തിന് ഇടയിൽ തന്നെ ഒരാൾ തന്നെ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ചു. വാഹനത്തിലുള്ളിലായതിനാൽ മാത്രമാണ് തനിക്ക് കൈ തട്ടിമാറ്റാൻ സാധിച്ചത്. അപ്പോഴേക്കും സുഹൃത്തായ മനോജ് കൂടിയെത്തിയത് ആശ്വാസമായി. മനോജാണ് വാതിൽ പോലും അടയ്ക്കാതെ വാഹനമെടുത്ത് മുൻപോട്ട് കൊണ്ടുപോയി അവിടെ നിന്നും മാറ്റിയത്. അദ്ദേഹം കൂട്ടിച്ചേർത്തു.
കൃത്യമായ ആസൂത്രണത്തോടെയായിരുന്നു അക്രമം. വാഹനക്കുരുക്ക് വന്നപ്പോൾ സംഘത്തിലുള്ളവർ തന്നെ പോയി ട്രാഫിക്ക് വരെ നിയന്ത്രിച്ചു.സംഭവം കണ്ട് തന്നെ സഹായിക്കാനെത്തിയവരെയും അക്രമികൾ ഭീഷണിപ്പെടുത്തുകയായിരുന്നു. അക്രമികളെയൊന്നും തനിക്ക് മുൻപരിചയം ഇല്ലായിരുന്നു.പിന്നീടാണ് മാത്യൂസ് കൊല്ലപ്പളളിയും സംഘവുമാണ് തന്നെ മർദ്ദിച്ചതെന്ന് തിരിച്ചറിഞ്ഞത്. വാർത്ത കൊടുത്തതിന്റെ വൈരാഗ്യമാണോ അക്രമത്തിന് പിന്നിലെന്ന ചോദ്യത്തിനും ഷാജൻ സ്‌കറിയ വിശദീകരണം നൽകി.
തന്നെ ആക്രമിച്ചവരിലെ സൂത്രധാരനായ മാത്യൂസ് കൊല്ലപ്പളളിയുമായി ബന്ധപ്പെട്ട വാർത്ത മലയാളത്തിലെ എല്ലാ പ്രമുഖ മാധ്യമങ്ങളും നൽകിയിരുന്നു.എന്നാൽ താൻ ഇരുകുടുംബങ്ങളോടും സംസാരിച്ച് കുറച്ച് വിശദമായി തന്നെ ആ വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നു. പക്ഷെ ഒരിക്കൽ പോലും ഇപ്പോൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത് പോലെ മാത്യൂസ് കൊല്ലപ്പള്ളിയുടെ ഭാര്യയുടെ മരണം കൊലപാതകമെന്ന് പറഞ്ഞിട്ടില്ല. ആത്മഹത്യയെന്ന് തന്നെയാണ് താൻ റിപ്പോർട്ട് ചെയ്തത്. അതിനാൽ തന്നെ അതാണ് അക്രമത്തിന് പിന്നിലെന്ന് വിശ്വസിക്കുന്നില്ല.ആക്രമണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് വിശ്വസിയ്ക്കുന്നത്. അദ്ദേഹം വിശദമാക്കി.