2025ലെ സമാധാനത്തിനുള്ള നൊബേൽ പ്രഖ്യാപിച്ചു; ജനാധിപത്യ പ്രവര്‍ത്തക മരിയ കൊറീന മചാഡോയ്ക്ക് പുരസ്കാരം

2025 ലെ സമാധാനത്തിനുള്ള നൊബേൽ വനിതയ്ക്ക്

2025 ലെ സമാധാനത്തിനുള്ള നൊബേൽ വനിതയ്ക്ക്. വെനസ്വേലയിലെ ജനാധിപത്യ പ്രവര്‍ത്തക മരിയ കൊറീന മചാഡോയ്ക്കാണ് ഇത്തവണ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം. വെനസ്വേലയിലെ ജനാധിപത്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം ലഭിച്ചിട്ടുള്ളത്. വെനസ്വേലയിലെ പ്രതിപക്ഷ നേതാവ് കൂടിയാണ് മരിയ കൊറീന മചാഡോ. നിക്കോളാസ് മഡുറോ വിജയിച്ച തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകള്‍ നടന്നുവെന്നും ഫലം അംഗീകരിക്കില്ലെന്നും പറഞ്ഞ് പ്രതിപക്ഷ കക്ഷികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. അക്കാലത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണി പോരാളിയായി നിന്നത് മരിയ കൊറീന മചാഡോയാണ്. അഭിപ്രായ സര്‍വേകളിൽ മരിയ കൊറീനയും ഗോണ്‍സാൽവസും  നയിച്ച സഖ്യത്തിന് വന്‍ വിജയം ലഭിച്ചെങ്കിലും മഡുറോ വീണ്ടും അധികാരത്തിലെത്തുകയായിരുന്നു. ജനപ്രിയ നേതാവായിരുന്ന മരിയ കൊറീന മചാഡോ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സുപ്രീം കോടതി 15 വര്‍ഷത്തേക്ക് വിലക്കിയ സാഹചര്യവുമുണ്ടായി.


കഴിഞ്ഞ 20ലധികം വര്‍ഷമായി സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിന് വേണ്ടി ബുള്ളറ്റിന് മുകളിൽ ബാലറ്റിന് വേണ്ടി നിന്ന സ്ത്രീ, വര്‍ഷങ്ങളായി സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ മനുഷ്യാവകാശ പ്രവര്‍ത്തക എന്നീ നിലകളിലാണ് സമാധാന നൊബേലിനുള്ള പുരസ്കാര സമിതി മരിയ കൊറീനയെ വിലയിരുത്തുന്നത്. ജനാധിപത്യത്തിന്‍റെ ജ്വാല കെടാതെ കാത്ത വ്യക്തി, ജനാധിപത്യം സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയ്ക്ക് വേണ്ടി പോരാടിയ പോരാളിയെന്നും സമിതി മരിയ കൊറീനയെ വിലയിരുത്തുന്നു.


അതേ സമയം അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് നിരാശ സമ്മാനിച്ചാണ് ഇത്തവണത്തെ സമാധാന നൊബേൽ പുരസ്കാര പ്രഖ്യാപനം. ട്രംപ് ഇത്തവണ സമാധാന നൊബേലിന് പരിഗണിക്കപ്പെടുമോ എന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. 7 യുദ്ധങ്ങൾ അവസാനിപ്പിച്ചെന്ന അവകാശവാദവുമായി ഡോണൾഡ് ട്രംപും അനുയായികളും രംഗത്തെത്തിയതോടെയാണ് ഇത്തവണത്തെ സമാധാന നൊബേലിലെ ആകാംക്ഷ വർധിച്ചത്. എന്നാൽ 2025 ജനുവരി വരെയുള്ള കാലയളവാണ് പ്രധാനമായും വിലയിരുത്തകയെന്നതിനാൽ ട്രംപിന് ഇക്കുറി നൊബേൽ കിട്ടാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തലും ശക്തമായിരുന്നു.


 കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS