
കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലുള്ള ഇടുക്കി സ്വദേശിയായ ആറാം ക്ലാസുകാരന് അമീബിക് മസ്തിഷ്മജ്വരം സ്ഥിരീകരിച്ചു. ഇടുക്കി തൂക്കുപാലം സ്വദേശിയായ കുട്ടിയെ വെള്ളിയാഴ്ച വൈകീട്ടാണ് ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക പരിശോധനയിൽ അമീബിക് മസ്തിഷ്ക്കതജ്വരം സ്ഥിരീകരിച്ചു.
വീടിന് സമീപത്തെ തോട്ടിൽ സുഹൃത്തുക്കളുമൊത്ത് കുളിച്ച കുട്ടിക്ക് പനിയും തലവേദനയും അനുഭവപ്പെട്ടിരുന്നു. തുടർന്ന് സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ചയോടെ പനി കൂടുകയും തലകറക്കം അനുഭവപ്പെടുകയും ചെയ്തു. തുടർന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും പിന്നീട് ഇടുക്കി മെഡിക്കൽ കോളജിനും പ്രവേശിപ്പിച്ചു. എന്നാൽ അമീബിക് മസ്തിഷ്കജ്വരബാധ സംശയിച്ച കുട്ടിയെ ഇടുക്കി മെഡിക്കൽ കോളേജിൽ നിന്നും തുടർചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വെള്ളത്തിൻറെ സാമ്പിളുകൾ പരിശോധനയ്ക്കായി തിരുവനന്തപുരത്തേ ക്ലിനിക്കൽ ലാബോട്ടറിലേക്ക് അയച്ചിട്ടുണ്ട്. ഇടുക്കിയിൽ ആദ്യമായാണ് അമീബിക് മസ്‌തിഷ്ക്കതജ്വരം സ്ഥിരീകരിക്കുന്നത്.