
ഉദ്ഘാടനപരിപാടിക്കിടെ ഹോൺ മുഴക്കി അമിത വേഗത്തിലെത്തിയ ബസുകൾക്കെതിരെ ഗതാഗത മന്ത്രിയുടെ നടപടി സ്വീകരിച്ച സംഭവത്തില്‍ വിശദീകരണവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഹോൺ അടിച്ച് വന്നതല്ല വിഷയമെന്ന് അദ്ദേഹം പറഞ്ഞു. എന്തെങ്കിലും മന്ത്രിയുടെ തലയിൽ വച്ചുകെട്ടി വിവാദം ഉണ്ടാക്കാൻ ശ്രമിക്കേണ്ട. ബസ് സ്റ്റാൻഡിന് അകത്തേക്ക് ബസ് പാഞ്ഞുകയറുന്നത് എംഎല്‍എ കണ്ടുകൊണ്ട് ഇരിക്കുകയാണ്. എന്നിട്ട് അതുവഴി പോയെന്നാണ് കരുതിയത്. പിന്നെ പുറത്തേക്ക് പാഞ്ഞുവരുന്നത് കണ്ടപ്പോഴാണ് നടപടി സ്വീകരിച്ചത്. ഇനി ഡ്രൈവര്‍ മഹാൻ ആണെങ്കിൽ ക്ഷമ ചോദിച്ചേക്കാമെന്നും മന്ത്രി പറഞ്ഞു.
ഇനി മാധ്യമങ്ങൾ എന്ത് എഴുതിയാലും തന്‍റെ ഉത്തരവാദിത്തം നിർവഹിക്കും. വളരെ പതുക്കെ അകത്ത് വന്ന് ആളുകളെ എടുത്തു പോകേണ്ട സ്ഥലത്ത് ഇത്തരം സർക്കസ് കാണിച്ചിട്ട് അതിന് സൈഡ് പറയുകയാണ് കുറെ പേർ. മൈക്കിൽ കൂടിയാണ് പറഞ്ഞത്. ഹോൺ അടിച്ചതിന് വണ്ടി പിടിക്കാൻ പറഞ്ഞില്ല. വല്ലാത്ത സ്പീഡിൽ ബസ് ഓടിച്ചതിനെന്നാണ് പറഞ്ഞത്. നിയവിരുദ്ധമായ കാര്യങ്ങൾ അനുവദിക്കില്ല. അനാവശ്യമായി ഹോൺ അടിക്കരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്നും ഗണേഷ് വിശദീകരിച്ചു. അകത്തേക്ക് വന്നപ്പോഴും പുറത്തേക്ക് പോകുമ്പോഴും ഹോൺ സ്റ്റക്ക് ആയിരുന്നോ എന്നും മന്ത്രി ചോദിച്ചു.
ഹോൺ സ്റ്റക്കായിപ്പോയതെന്ന് ബസ് ഡ്രൈവർ
സ്റ്റാൻഡിൽ പരിപാടി നടക്കുന്നത് അറിയില്ലായിരുന്നെന്നും ഹോൺ സ്റ്റക്കായിപ്പോയതാണെന്നുമാണ് ബസ് ഡ്രൈവർ അജയൻ പറയുന്നത്. ഹോൺ സ്റ്റക്കായിപ്പോയത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കണ്ടതാണ്. മന്ത്രിയോട് മാപ്പ് പറയാൻ ചെന്നപ്പോൾ അടുപ്പിച്ചില്ലെന്നും അജയൻ പറയുന്നു. കോതമംഗലം ബസ് സ്റ്റാന്‍ഡിലെ പരിപാടിക്കിടെയായിരുന്നു ബസുകൾക്കെതിരെ നടപടി എടുക്കാനുള്ള മന്ത്രിയുടെ നിർദേശം.
കോതമംഗലം ബസ് സ്റ്റാന്‍ഡില്‍ വെച്ച് നടന്ന പരിപാടിക്കിടെ ഹോൺ മുഴക്കി അമിത വേഗത്തിലെത്തിയ ബസുകൾക്കെതിരെ നടപടിക്ക് സ്വീകരിക്കാന്‍ ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പ്രസംഗത്തിനിടെ നിർദേശിക്കുകയായിരുന്നു. കോതമംഗലം കെഎസ്ആർടിസി ബസ് ടെർമിനൽ ഉദ്ഘാടനച്ചടങ്ങിനിടെയായിരുന്നു സംഭവം. മന്ത്രി വേദിയിലിരിക്കെ ഹോൺ മുഴക്കി വേഗത്തിൽ എത്തിയ പ്രൈവറ്റ് ബസുകൾ പിടിച്ചെടുക്കാനും പെർമിറ്റ് റദ്ദാക്കാനുമായിരുന്നു മന്ത്രിയുടെ നിർദേശം. ഉദ്ഘാടന പരിപാടിക്കിടെ നടപടി പ്രഖ്യാപിക്കുകയായിരുന്നു മന്ത്രി. അയിഷാസ്, സെന്‍റ് മേരീസ് എന്നീ ബസുകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും തുടർനടപടികൾ ഉണ്ടാകുമെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.