ശക്തമായ മഴ തുടരുന്നു: പ്രളയ സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ജലസേചന വകുപ്പ്; അപകടകരമായ നിലയിൽ 2 നദികളിൽ ജലനിരപ്പ് ഉയരുന്നു

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് പ്രളയസാധ്യതാ മുന്നറിയിപ്പ്

അതിശക്തമായ മഴയെ തുടർന്ന് അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് പ്രളയസാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് സംസ്ഥാന ജലസേചന വകുപ്പ്. തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദി (മൈലമൂട് സ്റ്റേഷൻ), പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദി (കല്ലേലി സ്റ്റേഷൻ & കോന്നി സ്റ്റേഷൻ), എന്നീ നദികളിലാണ് പ്രളയസാധ്യതാ മുന്നറിയിപ്പിൻ്റെ ഭാഗമായി മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്ന് സർക്കാർ ഏജൻസികളിൽ നിന്ന് അറിയിക്കുന്നു. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കാൻ ജനങ്ങൾ തയ്യാറാവണമെന്നും നിർദേശമുണ്ട്.


സംസ്ഥാനത്ത് മഴ രൂക്ഷമാകും

സംസ്ഥാനത്തെ മഴ ഞായറാഴ്ചയോടെ രൂക്ഷമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട പുതിയ ന്യൂന മർദ്ദം ഞായറാഴ്ചയോടെ അതിതീവ്ര ന്യുന മർദ്ദമായും പിന്നീട് ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. ഇന്ന് സംസ്ഥാനത്ത് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.


പുതിയ ന്യൂനമർദം രൂപപ്പെട്ടു

അതേസമയം തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ പുതിയ ന്യൂന മർദ്ദം രൂപപ്പെട്ടിട്ടുണ്ട്. നാളെയോടെ ഇത് തീവ്ര ന്യൂന മർദ്ദമായും ഞായറാഴ്ചയോടെ അതിതീവ്ര ന്യുന മർദ്ദമായും ശക്തി പ്രാപിക്കും. തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. നിലവിലെ അറബിക്കടലിൽ ന്യൂന മർദ്ദവും ബംഗാൾ ഉൾക്കടലിലെ ന്യൂന മർദ്ദത്തിന്റെയും സ്വാധീനഫലമായി, ഇടി മിന്നലോട് കൂടിയ മഴയാണ് തുടരുന്നത്. തുലാവർഷ മഴക്ക് പകരം താൽകാലികമായി കാലവർഷ സ്വഭാവത്തിലുള്ള മഴയാണ് കേരളം കാണുന്നത്. ബംഗാൾ ഉൾക്കടലിലെ ന്യൂന മർദ്ദം തീരത്തോട് അടുക്കുന്നതിന് അനുസരിച്ച് തിങ്കളാഴ്ചയോടെ കേരളത്തിലും മഴ ശക്തമാകും.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS