കേരളത്തിൽ പോളിയോ വിതരണം ഒക്ടോബർ 12 മുതൽ; 5 വയസ് വരെ പ്രായമുള്ള 21 ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളി മരുന്ന് നൽകും

പോളിയോ വിതരണം ഒക്ടോബർ 12 മുതൽ

പോളിയോ വൈറസ് നിർമ്മാർജനം ലക്ഷ്യമിട്ടു നടത്തുന്ന പൾസ്‌ പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ഒക്ടോബർ 12 ഞായറാഴ്ച്ച സംസ്ഥാനത്ത് നടക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. 5 വയസിന് താഴെയുളള കുഞ്ഞുങ്ങൾക്കാണ് തുളളിമരുന്ന് നൽകുന്നത്. 5 വയസ്സിന് താഴെയുളള 21,11,010 കുഞ്ഞുങ്ങൾക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി തുളളിമരുന്ന് നൽകാനാണ് ലക്ഷ്യമിടുന്നത്. ട്രാൻസിറ്റ്, മൊബൈൽ ബൂത്തുകൾ ഉൾപ്പെടെ 22,383 ബൂത്തുകളാണ് പ്രവർത്തിക്കുക. 44,766 വോളണ്ടിയർമാർ ബൂത്ത്‌ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. എല്ലാ രക്ഷാകർത്താക്കളും 5 വയസു വരെയുളള എല്ലാ കുഞ്ഞുങ്ങൾക്കും പോളിയോ തുളളിമരുന്ന് നൽകി പോളിയോ നിർമ്മാർജ്ജന തീവ്രയജ്ഞത്തിൽ പങ്കാളികളാകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.


സ്‌കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍ ഒക്ടോബർ 12-ന് രാവിലെ 8 മുതൽ വെെകുന്നേരം 5 മണി വരെ പ്രവർത്തിക്കും. ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ബോട്ടു ജെട്ടികൾ എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകള്‍ ഒക്ടോബർ 12ന് വൈകിട്ട് 8 മണിവരെ പ്രവർത്തിക്കും. അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മൊബൈല്‍ ബൂത്തുകളും ഒക്ടോബർ 12,13,14 തീയതികളിൽ പ്രവർത്തിക്കും.


ഒക്ടോബർ 12-ന് ബൂത്തുകളില്‍ തുളളിമരുന്ന് നൽകാൻ കഴിയാത്ത കുഞ്ഞുങ്ങൾക്ക് ഒക്ടോബർ 13, 14 തീയതികളിൽ വോളണ്ടിയർമാർ വീടുകളിൽ എത്തി തുള്ളിമരുന്ന് നല്‍കും. തദ്ദേശസ്വയംഭരണം, വനിതാ ശിശുവികസനം തുടങ്ങിയ വകുപ്പുകൾ, റോട്ടറി ഇന്റർനാഷണൽ, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.


കേരളത്തിൽ 2000 ന് ശേഷവും ഇന്ത്യയിൽ 2011-നു ശേഷവും പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. 2014 മാർച്ചിൽ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോമുക്ത രാജ്യമായി പ്രഖ്യാപിച്ചുവെങ്കിലും നമ്മുടെ അയൽ രാജ്യങ്ങളായ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ പോളിയോ രോഗം ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ രോഗസാധ്യത ഒഴിവാക്കുന്നതിനായി 5വയസ്സിൽ താഴെയുളള എല്ലാ കുഞ്ഞുങ്ങൾക്കും പോളിയോ തുളളിമരുന്ന് നൽകേണ്ടതുണ്ട്. പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടനം ഞായറാഴ്ച രാവിലെ 10 മണിക്ക് പത്തനംതിട്ട കോഴഞ്ചേരി ഗവ. ഹൈ സ്കൂളിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർവഹിക്കും.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS