ഡിറ്റ്‌വാ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനെ തുടർന്ന് ശ്രീലങ്കയിൽ വൻ നാശനഷ്ടം. 200 ലേറെ പേർ ഇതുവരെ മരിച്ചു. 191 പേരെ കാണാതായി. ഒരാഴ്ചയോളം നിർത്താതെ പെയ്ത മഴയിലും വെള്ളപ്പൊക്കത്തിലും 20000 വീടുകൾ നശിച്ചു. 108,000 ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. 798,000 പേരെ ദുരന്തം ബാധിച്ചതായി ശ്രീലങ്കയിലെ ദുരന്ത നിവാരണ കേന്ദ്രത്തിൻ്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്ന ഭീതിയിലാണ് ഈ ദ്വീപ് രാഷ്ട്രം. അതേസമയം കൊളംബോയിൽ കുടുങ്ങിയ മലയാളികളെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കും.
പേമാരിയെ തുടർന്ന് പലയിടത്തും മണ്ണിടിച്ചിലുണ്ടായി. ഇതിൽ പലയിടത്തേക്കും രക്ഷാപ്രവർത്തകർക്ക് ഇതുവരെ എത്താൻ സാധിച്ചിട്ടില്ല. അനുരാധപുര ജില്ലയിൽ കുടുങ്ങിയ 69 ബസ് യാത്രക്കാരെ 24 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെയാണ് രക്ഷിച്ചത്. കുറുനെഗല ജില്ലയിൽ വയോജന സംരക്ഷണ കേന്ദ്രത്തിലെ 11 താമസക്കാരടക്കം മരിച്ചു.
കഴിഞ്ഞ ആഴ്ച മുതൽ ശ്രീലങ്കയിൽ അതിശക്തമായ മഴയായിരുന്നു. വ്യാഴാഴ്ചയോടെ സ്ഥിതി കൂടുതൽ വഷളായി. ഇതോടെ സ്കൂളുകളും ഓഫീസുകളും സർക്കാർ അടച്ചു. പരീക്ഷകൾ മാറ്റിവച്ചു. മിക്ക ഡാമുകളും നദികളും കരകവിഞ്ഞു. പാറകളും ചെളിയും മരങ്ങളും റോഡുകളിലും റെയിൽവേ ട്രാക്കുകളിലും വീണു. ട്രെയിൻ സർവീസ് നിർത്തിവച്ചു. രാജ്യത്തിൻ്റെ മൂന്നിലൊന്ന് ഭാഗത്തും ഇപ്പോൾ കുടിവെള്ളം ലഭ്യമല്ല. ഇൻ്റർനെറ്റും വിച്ഛേദിക്കപ്പെട്ടു.
വിദേശത്ത് ജോലി ചെയ്യുന്ന ശ്രീലങ്കക്കാരോട് അടക്കം ലങ്കൻ ഭരണകൂടം ധനസഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തെ നേരിടാനാണിത്. രണ്ട് വിമാനങ്ങളിലായി ദുരിതാശ്വാസ സാമഗ്രികൾ ലങ്കയിലെത്തിച്ച് ഇന്ത്യ കരുതലിൻ്റെ കരം നീട്ടി. ഒപ്പം 2 ഹെലികോപ്റ്ററുകളിലായി 22 പേരുടെ ദുരിതാശ്വാസ സംഘത്തെയും ലങ്കയിലേക്ക് അയച്ചു.
സൗഹൃദ സന്ദർശനത്തിനായി കൊളംബോയിൽ നേരത്തെയെത്തിയ ഇന്ത്യൻ യുദ്ധക്കപ്പലും ദുരിതാശ്വാസ പ്രവർത്തനത്തിൻ്റെ ഭാഗമായി. ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ന് ഇന്ത്യൻ തീരത്തേക്ക് നീങ്ങും. ഇതിൻ്റെ ഭാഗമായി ചെന്നൈ വിമാനത്താവളം 54 വിമാന സർവീസുകൾ റദ്ദാക്കി. അടുത്ത 48 മണിക്കൂറിൽ ദക്ഷിണേന്ത്യയിൽ പലയിടത്തും അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


