
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ അതിജീവിതയുടെ പരാതിയിൽ എഫ്ഐആറിൽ ഗുരുതര പരാമർശങ്ങൾ. പാലക്കാട് ഫ്ലാറ്റിൽ എത്തിച്ചും ബലാത്സംഗം ചെയ്തു എന്നും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ. തിരുവനന്തപുരത്തും പാലക്കാടും വെച്ച് മൂന്നുതവണ ബലാത്സംഗം ചെയ്തു. വലിയമല പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്.
വിശ്വാസവഞ്ചനാക്കുറ്റം, വിവാഹ വാഗ്ദാനം നൽകി പീഡനം, അശാസ്ത്രീയമായ ഗർഭച്ഛിദ്രത്തിനു പ്രേരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി പെടുത്തിയെന്നും പരാതിയിൽ. ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും വകുപ്പുകൾ ചേർത്തു. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ഇന്ന് രാവിലെ ആറ് മണിക്കാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ പൊലീസ് ഉടൻ അപേക്ഷ നൽകും.
ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇന്നാണ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കേസ് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. രാഹുലിനെതിരെയുള്ള കേസിൽ രണ്ടു പ്രതികളാണുള്ളത്. രാഹുലും സുഹൃത്തും പ്രതികൾ. ബലാത്സംഗം,നിർബന്ധിത ഭ്രൂണഹത്യ വകുപ്പുകൾക്ക് പുറമെ ദേഹോപദ്രവം ഏൽപ്പിക്കൽ വകുപ്പ് കൂടി ചുമത്തി.
രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫ് രണ്ടാം പ്രതി. അടൂർ സ്വദേശിയാണ് ജോബി ജോസഫ്. ജോബിയുടെ മൊബൈൽ ഇന്നലെ വൈകിട്ട് മുതൽ സ്വിച്ച് ഓഫ് ആണ്. ഒളിവിൽ പോയതായി സൂചന. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്നത്. ബിഎൻഎസ് 89 വകുപ്പ് പ്രകാരം 10 വർഷം തടവ് കിട്ടാവുന്ന കുറ്റമാണ് നിർബന്ധിത ഭ്രൂണഹത്യ. യുവതിയുടെ പരാതിയില്‍ രണ്ടുപേരെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ വകുപ്പുകൾ
IT ACT 68 (e)
BNS – 64 – ബലാത്സംഗം
64(2) – നിരന്തരം പീഡിപ്പിക്കൽ
64(f) – പീഡനം(ഉപദ്രവിച്ചു)
64(h) – അധികാരം ഉപയോഗിച്ച് പീഡിപ്പിക്കൽ
64(m) – തുടർച്ചയായി ഒരു സ്ത്രീയെ തന്നെ പീഡിപ്പിക്കൽ
89 – ഗർഭചിദ്രം
316 – വിശ്വാസ വഞ്ചന
തിരുവനന്തപുരം റൂറൽ എസ് പിക്കാണ് കേസിൻ്റെ അന്വേഷണ ചുമതല. കേസിൽ പരാതിക്കാരിയായ അതിജീവിതയുടെ മൊഴി ഇന്നലെ രാത്രി രേഖപ്പെടുത്തിയിരുന്നു. ഡിജിറ്റൽ തെളിവുകളും മെഡിക്കൽ രേഖകളും യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്.

