ഹോണസ്റ്റി ന്യൂസ് ഇടുക്കി ജില്ലാ ബ്യൂറോ ചെറുതോണിയിൽ പ്രവർത്തനം ആരംഭിച്ചു. ജില്ലാ വാർത്താ സേവനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായുള്ള ജില്ലാ ബ്യൂറോ ഇന്ന് രാവിലെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പേരിൽ കാണുന്ന സത്യസന്ധത വാർത്താ പ്രവർത്തനത്തിലും ഉറച്ചുനിന്നതിനാലാണ് ഹോണസ്റ്റി ന്യൂസ് വിശ്വാസം നേടി മുന്നേറുന്നതെന്ന് മന്ത്രി തന്റെ പ്രസംഗത്തിൽ പറഞ്ഞു. വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ വികാരി ഫാദർ ടോമി ആനിക്കുഴിക്കാട്ടിൽ വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു.
ചെറുതോണി സെൻട്രൽ ജങ്ഷനിൽ രാജീവ് ഭവൻ ബിൽഡിംഗിന്റെ രണ്ടാം നിലയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ഇടുക്കി ജില്ലാ ബ്യൂറോ വഴി പ്രദേശിക വാർത്താ ശേഖരണവും പൊതുജന പ്രശ്നങ്ങളിലേക്കുള്ള മാധ്യമ ശ്രദ്ധയും കൂടുതൽ ശക്തിയാർജ്ജിക്കുമെന്ന് ചീഫ് എഡിറ്റർ അനീഷ് കെ വി വ്യക്തമാക്കി. ഇടുക്കിയിലെ വിവിധ മേഖലകളിൽ നിന്നുള്ള റിപ്പോർട്ടർമാരെയും സഹപ്രവർത്തകരെയും ഏകോപിപ്പിച്ച് കൂടുതൽ വേഗത്തിലുള്ള ഡിജിറ്റൽ വാർത്താ സേവനം നൽകാനാണ് ഹോണസ്റ്റി ന്യൂസിന്റെ ലക്ഷ്യം.
ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ജോസ് കുഴികണ്ടം, കെപിസിസി മെമ്പർ എ.പി. ഉസ്മാൻ, എ.കെ.പി.എ ഇടുക്കി ബ്ലോക്ക് പ്രസിഡണ്ട് എൻ.ജെ. വർഗീസ്, രാജു കല്ലറക്കൽ എന്നിവരോടൊപ്പം നിരവധി മാധ്യമ പ്രവർത്തകരും രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


