സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട ജില്ലകളിൽ ഇന്ന് യെല്ലാ അലർട്ടാണ്. ഉച്ചയ്ക്ക് ശേഷം മഴ കൂടുതൽ ശക്തിപ്രാപിച്ചേക്കും. ഇടിമിന്നലിനും സാധ്യതയുണ്ട്. കേരളാ തീരത്ത് മീൻപിടുത്തത്തിന് വിലക്ക് തുടരുകയാണ്. കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാത ചുഴി അടുത്തമണിക്കൂറുകളിൽ ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിലും ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ട്.
കേരളത്തിൽ യെല്ലോ അലർട്ട്
കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയതോ ഇടത്തരത്തിലോ ഉള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും നവംബർ 24 മുതൽ 26 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഈ ദിവസങ്ങളിൽ ഇടി മിന്നലിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇത് സൂചിപ്പിക്കുന്നത് (24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ).
നവംബർ 25 (2025): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട.
നവംബർ 26 (2025): തിരുവനന്തപുരം, കൊല്ലം.
മുന്നറിയിപ്പുകൾ കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.
ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (നവംബർ 24, 2025) മുതൽ നവംബർ 26, 2025 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളും അധികൃതരും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. ഇടിമിന്നൽ മനുഷ്യൻ്റെയും മൃഗങ്ങളുടെയും ജീവനും, വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും, വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. അതിനാൽ, കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ പൊതുജനങ്ങൾ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. (ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ മുൻകരുതലുകൾ ഒഴിവാക്കരുത്).
പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാന സുരക്ഷാ മുൻകരുതലുകൾ
സുരക്ഷിത സ്ഥാനത്തേക്ക് മാറുക: ഇടിമിന്നലിൻ്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
വാതിൽ, ജനൽ സുരക്ഷ: ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക.
വൈദ്യുത ബന്ധം വിഛേദിക്കുക: ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് പൂർണ്ണമായി ഒഴിവാക്കുക.
ഫോൺ ഉപയോഗം: ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. എന്നാൽ, മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് കുഴപ്പമില്ല.
തുറസായ സ്ഥലങ്ങൾ ഒഴിവാക്കുക: അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികൾ ഉൾപ്പെടെ ആരും തുറസായ സ്ഥലത്തും ടെറസിലും കളിക്കുന്നത് ഒഴിവാക്കുക.
മരങ്ങൾ, വെള്ളം, വാഹനം:
മരച്ചുവട്ടിൽ നിൽക്കരുത്: ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
വാഹനത്തിനുള്ളിൽ: ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും.
യാത്ര ഒഴിവാക്കുക: സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
വെള്ളവുമായി ബന്ധം ഒഴിവാക്കുക: ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്, ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നത് എന്നിവ ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
ജലാശയങ്ങൾ: ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുത്. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വെച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം.
അപകട സാഹചര്യങ്ങളിൽ ചെയ്യേണ്ടത്
സുരക്ഷിതമായി ഇരിക്കുക: അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണെങ്കിൽ, പാദങ്ങൾ ചേർത്തുവച്ച് തല കാൽമുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
മൃഗങ്ങളെ ശ്രദ്ധിക്കുക: വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കാൻ കാർമേഘം കാണുന്ന സമയത്ത് പോകരുത്.
മിന്നലാഘാതം ഏറ്റാൽ: മിന്നലാഘാതം ഏറ്റ ആളിൻ്റെ ശരീരത്തിൽ വൈദ്യുതി പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കുക. മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.
മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. കെട്ടിടങ്ങൾക്ക് മുകളിൽ മിന്നൽ രക്ഷാ ചാലകം, വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ എന്നിവ സ്ഥാപിക്കുന്നത് സുരക്ഷ വർദ്ധിപ്പിക്കും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


