ഇടുക്കി അടിമാലി മണ്ണിടിച്ചിലില്‍ ദേശീയ പാത അതോറിറ്റിക്ക് വീഴ്ച സംഭവിച്ചെന്ന് പ്രാഥമിക നിഗമനം. ടെക്‌നിക്കല്‍ കമ്മിറ്റി കളക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അതോറിറ്റിയുടെ വീഴ്ച ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നിര്‍മ്മാണത്തിലെ അശാസ്ത്രീയതയടക്കം മണ്ണിടിച്ചിലിന് കാരണമായി എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അപകടത്തിന്റെ ഉത്തരവാദിത്വം ദേശീയപാത അതോറിറ്റിക്കാണെന്ന നിഗമനത്തില്‍ എത്തിയത്.
അപകടത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ദേശീയപാത അതോറിറ്റിക്ക് എന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ യോഗത്തില്‍ പറഞ്ഞു. ദുരന്തബാധിതര്‍ക്ക് ഇന്‍ഷുറന്‍സ് അടക്കമുള്ള പരിരക്ഷ ഉറപ്പാക്കും എന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. എന്നാല്‍ യോഗ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും ക്യാമ്പില്‍ നിന്നും മടങ്ങില്ലന്നും ദുരിതബാധിതര്‍ പറഞ്ഞു.
29 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനും, 25 കുടുംബങ്ങളോട് സ്വന്തം വീടുകളിലേക്ക് മടങ്ങാനും നല്‍കിയ നിര്‍ദ്ദേശമാണ് ദുരന്തബാധിതരുടെ പ്രതിഷേധത്തിന് കാരണമായത്. വീട് നഷ്ടപ്പെട്ടവരും, ദുരന്തബാധിത മേഖലയിലുള്ളവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതാണ് ക്യാമ്പിലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രശ്‌ന പരിഹാരം ആകുന്നതുവരെ ക്യാമ്പില്‍ തുടരാനാണ് ഇവരുടെ തീരുമാനം.


