പാലക്കാട് നിയന്ത്രണം നഷ്ട്ടപ്പെട്ട കാര്‍ മരത്തിലിടിച്ചു; മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

നിയന്ത്രണം നഷ്ട്ടപ്പെട്ട കാര്‍ മരത്തിലിടിച്ച് മൂന്ന് യുവാക്കള്‍ മരണപ്പെട്ടു

പാലക്കാട് നിയന്ത്രണം നഷ്ട്ടപ്പെട്ട കാര്‍ മരത്തിലിടിച്ച് മൂന്ന് യുവാക്കള്‍ മരണപ്പെട്ടു. കാട്ടുപന്നി കുറുകെ ചാടിയതിനാലാണ് അപകടമുണ്ടായതെന്നാണ് സൂചന. മരത്തിലിടിച്ച ശേഷം കാര്‍ വയലിലേക്ക് മറിയുകയായിരുന്നു. പാലക്കാട് സ്വദേശികളായ രോഹന്‍ രഞ്ജിത്ത് (24), രോഹന്‍ സന്തോഷ് (22), സനൂജ് (19) എന്നിവരാണ് മരിച്ചത്. 


ഇന്നലെ രാത്രിയോടെയാണ് അപകടം സംഭവിച്ചത്. ചിറ്റൂരില്‍ നിന്ന് മടങ്ങിവരികയായിരുന്നു യുവാക്കള്‍. കൊടുമ്പ് കല്ലിങ്കല്‍ ജംങ്ഷനില്‍ വച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. പല കോളജുകളിലായി പഠിക്കുന്ന അഞ്ച് യുവാക്കളും അവധി ദിവസമായതിനാല്‍ ഒത്തുകൂടിയപ്പോഴാണ് ദാരുണമായ അപകടമുണ്ടായത്. വളവ് തിരിഞ്ഞ് വരുമ്പോള്‍ കാട്ടുപന്നി കുറുകെ ചാടിയെന്ന് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ട് വിദ്യാര്‍ഥികള്‍ പൊലീസിന് മൊഴി നല്‍കി. വാഹനം വെട്ടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിലിടിക്കുകയായിരുന്നുവെന്നാണ് വിവരം. മരത്തിലിടിച്ച കാര്‍ തൊട്ടടുത്തുള്ള പാടത്തെ ചെളിയിലേക്ക് പൂണ്ടുപോകുകയായിരുന്നു. വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്.


ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഫയര്‍ ഫോഴ്‌സിനെ ഉള്‍പ്പെടെ വിവരമറിയിച്ചത്. പിന്നീട് ഫയര്‍ഫോഴ്‌സും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് യുവാക്കളെ പുറത്തെടുത്തത്. മൂന്നുപേരുടെ ജീവന്‍ അതിനോടകം തന്നെ നഷ്ടമായിരുന്നുവെന്നാണ് സൂചന. പ്രദേശത്ത് കാട്ടുപന്നി ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നുണ്ട്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS