ക്രിസ്തുമസ്–ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 120 ലിറ്റർ വാറ്റുചാരായവും വാറ്റുപകരണങ്ങളും പിടികൂടി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. രാജാക്കാട് എൻ.ആർ. സിറ്റി സ്വദേശി വള്ളിശ്ശേരിൽ ബിനോജ് (49) ആണ് അറസ്റ്റിലായത്.
ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്‌ക്വാഡിന്റെ ചുമതലയുള്ള ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ രഞ്ജിത്ത്കുമാർ ടി.യുടെ നേതൃത്വത്തിലാണ് രാജാക്കാട് എൻ.ആർ. സിറ്റി ഭാഗത്ത് പരിശോധന നടത്തിയത്. ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷങ്ങളോടനുബന്ധിച്ച് വ്യാവസായികാടിസ്ഥാനത്തിൽ വാറ്റുചാരായം നിർമ്മിച്ച് വിൽപ്പന നടത്തിവരികയായിരുന്നു പ്രതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
പന്നി ഫാമിന്റെ മറവിലാണ് ചാരായ നിർമ്മാണവും വിൽപ്പനയും നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയെയും കേസ് രേഖകളും തൊണ്ടി മുതലുകളും ഉടുമ്പഞ്ചോല എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി. പരിശോധനാ സംഘത്തിൽ എക്സൈസ് ഇൻസ്‌പെക്ടർ രാജേഷ്‌കുമാർ കെ.വി, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളായ അസി. എക്സൈസ് ഇൻസ്‌പെക്ടർ (G) രാജ്‌കുമാർ ബി, പ്രിവന്റീവ് ഓഫീസർ (G) മാരായ സിജുമോൻ കെ.എൻ, ജലീൽ പി.എം, അനീഷ് ടി.എ, സിവിൽ എക്സൈസ് ഓഫീസർമാരായ ആൽബിൻ ജോസ്, ഷോബിൻ മാത്യു, അനൂപ് പി. ജോസഫ്, എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ AEI (G) ഷിജു പി.കെ, CEO അനന്ദു എ, WCEO ഗ്രീഷ്മ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


