
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന തെളിയിക്കുന്നതിൽ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സര്‍ക്കാരിന്‍റെ ഇരട്ടത്താപ്പാണ് കോടതി വിധിയിലൂടെ വ്യക്തമായത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാൻ സര്‍ക്കാര്‍ എത്ര വൈകിപ്പിച്ചു? കോണ്‍ഗ്രസ് എല്ലാകാലത്തും അതിജീവിതക്കൊപ്പമാണെന്നും കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പറഞ്ഞു. ഇപ്പോള്‍ വന്ന കോടതി വിധി തൃപ്തികരമല്ല. പ്രോസിക്യൂഷൻ ഗൂഢാലോചന തെളിയിക്കുന്നതിൽ പൂര്‍ണമായും പരാജയപ്പെട്ടു. കേസ് അന്വേഷിച്ച പൊലീസിന്‍റെയും പ്രോസിക്യൂഷന്‍റെയും ഗൗരവകരമായ വീഴ്ചയാണിതെന്നും സണ്ണി ജോസഫ് പറഞ്ഞു.അതേസമയം, പി.ടി തോമസിന്‍റെ ശക്തമായ ഇടപെടൽ ഉണ്ടായത് കൊണ്ടാണ് കേസിൽ ഇങ്ങനെയൊരു വിധിയെങ്കിലും ഉണ്ടായതെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പ്രതികരണം. നടിയെ ആക്രമിച്ച കേസിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടത് ആശ്വാസമെന്നും പി ടി തോമസിനെ ഈ നിമിഷം പ്രത്യേകം ഓർക്കുന്നുവെന്നും അദ്ദേഹത്തിന്‍റെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ കേസ് തന്നെ ഇല്ലാതായിപോയേനെ എന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
സർക്കാർ സ്വാഭാവികമായും അപ്പീൽ നൽകും. പ്രോസിക്യൂഷന് വീഴ്ച ഉണ്ടായോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. വിധിയുടെ പൂർണ രൂപം വരട്ടെയെന്നും ചില പ്രതികൾ ശിക്ഷിക്കപ്പെട്ടതും ചിലർ ഒഴിവാക്കപ്പെട്ടതും എന്തുകൊണ്ടാണെന്ന് പരിശോധിക്കണമെന്നും വിഡി സതീശൻ പറഞ്ഞു. പ്രോസിക്യൂഷന് വീഴ്ചയുണ്ടായോ എന്നത് പരിശോധിക്കണമെന്നും കെസി വേണുഗോപാൽ എംപി പjറഞ്ഞു.അതേസമയം, വിധി നിരാശാജനകമെന്നായിരുന്നു കെകെ രമ എംഎൽഎയുടെ പ്രതികരണം. ഗുഢാലോചന കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് വീഴ്പ പറ്റിയെന്നും ഭരണകൂടം പ്രതികളെ സംരക്ഷിച്ചുവെന്നും അതിജീവിത മേൽക്കോടതിയെ സമീപിക്കുമെന്നാണ് പ്രതീക്ഷയെന്നും കെകെ രമ പറഞ്ഞു. പണവും അധികാരവും ഉണ്ടെങ്കിൽ എന്തും സാധിക്കുമെന്നതിന് തെളിവാണിത്. അവൾ ചരിത്രമാണെന്നും വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമാണെന്നും ഇത് അവളുടെ വിജയമാണെന്നും കെകെ രമ പറഞ്ഞു.
അതേസമയം, കേസിൽ അപ്പീലുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം. പൂര്‍ണ തൃപ്തിയുള്ള വിധിയല്ലെന്നും മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും അപ്പീൽ നൽകാൻ തീരുമാനിച്ചെന്നും മന്ത്രി പി രാജീവ് പ്രതികരിച്ചു. ഈ സർക്കാരും മുഖ്യമന്ത്രിയുമല്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു പ്രതി അറസ്റ്റിലാകുമായിരുന്നോ എന്നും നിയമ മന്ത്രി പി.രാജീവ് ചോദിച്ചു. സര്‍ക്കാര്‍ അന്നും ഇന്നും എന്നും അതിജീവിതക്കൊപ്പമാണെന്നും കേസിലെ വിധി പരിശോധിച്ചശേഷം കൂടിയാലോചന നടത്തി തുടര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി സജി ചെറിയാനും പ്രതികരിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.

