
ജനപ്രിയ നായകനിൽ നിന്നും വിവാദ നായകനിലേക്കുള്ള ദിലീപിന്റെ മാറ്റം സിനിമാക്കഥ പോലെ നാടകീയമായിരുന്നു. മലയാള സിനിമയിൽ ഒരു നടൻ ഇത്രയധികം വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ട ചരിത്രം വേറെയുണ്ടോ എന്ന് സംശയമാണ്. കലാഭവനിൽ മിമിക്രി കലാകാരനായി തുടക്കം. പിന്നെ സംവിധായകൻ കമലിന്റെ സഹായിയായി ചലച്ചിത്രലോകത്തേക്കുള്ള പ്രവേശം.പഞ്ചാബി ഹൗസ്, ഈ പറക്കും തളിക, കുഞ്ഞിക്കൂനൻ, മീശമാധവൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ബോക്‌സ് ഓഫീസിൽ തന്റെ സ്ഥാനം ഉറപ്പിച്ച ദിലീപ് ജനപ്രിയ നായകനായി മാറി.
തുടർന്ന് നടൻ എന്നതിലുപരി, ദിലീപ് സിനിമ വ്യവസായത്തിലെ പ്രബല ശക്തിയായി വളർന്നു. ഗ്രാന്റ് പ്രൊഡക്ഷൻസ് എന്ന സ്വന്തം നിർമ്മാണ കമ്പനി, ഫിയോക് എന്ന തിയേറ്റർ ഉടമകളുടെ സംഘടനയുടെ രൂപീകരണത്തിലെ പങ്ക്, താര സംഘടനയായ അമ്മയുടെ സാമ്പത്തിക സഹായത്തിനായി ട്വന്റി:20 എന്ന മൾട്ടി സ്റ്റാർ സിനിമ നിർമ്മിച്ചത് തുടങ്ങി ദിലീപിന്റെ സാന്നിധ്യം മലയാള സിനിമാരംഗത്ത് നിറഞ്ഞുനിന്നു.
എന്നാൽ നടി ആക്രമിക്കപ്പെട്ട സംഭവം, ദിലീപിന്റെ കരിയറിലും ജീവിതത്തിലും വഴിത്തിരിവായി മാറി. ക്രിമിനൽ ഗൂഢാലോചനക്കേസിൽ ദിലീപ് എട്ടാം പ്രതിയായി. മൂന്ന് മാസത്തോളം നീണ്ട ജയിൽവാസം. ജയിൽവാസ സമയത്ത് പുറത്തിറങ്ങിയ രാമലീല വൻ വിജയം നേടിയത് വലിയ ചർച്ചയായി. എന്നാൽ പിന്നീട് ഇറങ്ങിയ സിനിമകൾക്ക് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. എന്തായാലും നടി ആക്രമിക്കപ്പെട്ട കേസ് ജനപ്രിയ നായകൻ എന്ന ദിലീപിന്റെ പ്രതിഛായക്ക് കേസ് മങ്ങലേൽപ്പിച്ചു. കേസിന്റെ വിധിന്യായം ജനപ്രിയനായകനെ കുറ്റവിമുക്തനാക്കുമോ അതോ ജീവിതത്തിൽ ഒരു വില്ലനാക്കി മാറ്റുമോ എന്നാണ് ഇനി അറിയേണ്ടത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.

