
തൊടുപുഴയിൽ സിപിഐഎം ബ്രാഞ്ച് അംഗം പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. പാർട്ടി ഓഫീസ് നിർമാണത്തിന് വായ്പ നൽകിയ പണം മടക്കി നൽകിയില്ലെന്ന ആരോപണം ഉന്നയിച്ചാണ് തൊടുപുഴ കാരിക്കോട് ബ്രാഞ്ച് അംഗം അബ്ബാസ് ഇബ്രാഹിം പാർട്ടി വിട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന നേതൃത്വത്തിന് അബ്ബാസ് കത്ത് അയച്ചിരുന്നു. അതേസമയം പാർട്ടി നേതൃത്വം തന്നെ ഭീഷണിപ്പെടുത്തിയെന്ന് അബ്ബാസ് ആരോപിച്ചു.
സിപിഐഎം തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റി കോടിയേരി സ്മാരക മന്ദിരത്തിന്റെ നിർമാണത്തിനായാണ് അബ്ബാസ് ഇബ്രാഹിമും ഭാര്യയും എട്ട് ലക്ഷം രൂപ പാർട്ടി നേതൃത്വത്തിന് വായ്പയായി നൽകിയതെന്നാണ് പറയുന്നത്. മൂന്ന് മാസത്തിന് ശേഷം തിരിച്ച് നൽകാമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ അതുണ്ടായില്ലെന്നും ഇതോടെയാണ് പരാതി നൽകിയതെന്നും അബ്ബാസ് പറഞ്ഞു.
പരാതി വ്യാജമാണെന്ന നിലപാടാണ് പാർട്ടിയുടെ ജില്ലാ നേതൃത്വം ആദ്യം സ്വീകരിച്ചതെങ്കിലും പിന്നീട് പണം തിരികെ നൽകി. പിന്നാലെ അച്ചടക്ക ലംഘനം കാണിച്ച് അബ്ബാസിനെതിരെ നടപടി സ്വീകരിക്കാൻ നീക്കം നടക്കുന്നതിനിടെയാണ് ഇദ്ദേഹം പാർട്ടി വിട്ടത്. എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പങ്കെടുത്ത സ്ഥാനാർത്ഥി സംഗമത്തിലാണ് അബ്ബാസ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.

