തൊടുപുഴ നഗരസഭയില്‍ അധ്യക്ഷ സ്ഥാനത്തിന്റെ പേരിലുള്ള തർക്കത്തിന് വിരാമം. യുഡിഎഫില്‍ സമവായമായി. അധ്യക്ഷ സ്ഥാനം ആദ്യ രണ്ടു വര്‍ഷം ലീഗിന് നല്‍കാന്‍ ധാരണ. മുസ്‌ലിം ലീഗിലെ സാബിറ ജലീല്‍ ആദ്യഘട്ടത്തിൽ തൊടുപുഴ നഗരസഭ ചെയര്‍പേഴ്സണാകും. പിന്നീടുള്ള രണ്ട് വര്‍ഷം കോണ്‍ഗ്രസിനും അവസാന ഒരു വര്‍ഷം കേരള കോണ്‍ഗ്രസിനും നല്‍കാന്‍ ധാരണയായിട്ടുണ്ട്. യുഡിഎഫ് സബ് കമ്മിറ്റിയുടേതാണ് തീരുമാനം.
കെപിസിസി ജനറല്‍ സെക്രട്ടറി നിഷാ സോമന് പ്രഥമ പരിഗണന നല്‍കിയിരുന്നെങ്കിലും പ്രാദേശിക നേതൃത്വം ലിറ്റി ജോസഫിനെ ഉയര്‍ത്തിക്കൊണ്ട് വരാന്‍ ശ്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പതിപ്പിക്കുകയും ചെയ്തു. പിന്നീട് നടന്ന ചര്‍ച്ചകളിലാണ് ആദ്യത്തെ രണ്ട് വര്‍ഷം ലീഗിന് നല്‍കാന്‍ തീരുമാനമായത്.
അതേസമയം തൊടുപുഴയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി നിഷാ സോമനെ അനുകൂലിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ലിറ്റി ജോസഫിനെ അധ്യക്ഷയാക്കണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സിലര്‍മാര്‍ നേതൃത്വത്തിന് പരാതി നല്‍കുകയും ചെയ്തു. അധ്യക്ഷ സ്ഥാനത്തില്‍ അവകാശവാദം ഉന്നയിച്ച് മുസ്‌ലിം ലീഗും രംഗത്തെത്തിയിരുന്നു. തൊടുപുഴയിൽ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച് കയറിയെങ്കിലും അധ്യക്ഷ സ്ഥാനത്തെ ചൊല്ലി യുഡിഎഫിലുണ്ടായ തര്‍ക്കം വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു.


.jpeg)