ഇടുക്കി പാമ്പനാറിനു സമീപം ലാഡ്രം എസ്റ്റേറ്റിൽ നിന്നും കേഴയാടിനെ വേട്ടയാടിയ കേസിൽ ഒരാളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. പീരുമേട് അമ്പാടി സ്വദേശിയായ ബാലചന്ദ്രനാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും രണ്ട് നാടൻ തോക്കുകൾ, 88 ഈയം നിറച്ച വെടിയുണ്ടകൾ, ഒരു കുന്തം, പത്ത് കിലോഗ്രാമോളം കേഴയാടിന്റെ ഇറച്ചി എന്നിവ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
വനപാലകർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലാഡ്രം ഭാഗത്ത് വേട്ടയാടിയ കേഴയാടിനെ പീരുമേട്ടിലെ വീട്ടിലെത്തിച്ച് ഇറച്ചിയാക്കുന്നതിനിടെ ഇയാളെ എരുമേലി റേഞ്ചിലെ മുറിഞ്ഞപുഴ സെക്ഷനിൽ നിന്നുള്ള വനപാലകർ കസ്റ്റഡിയിലെടുത്തത്. ഇയാൾ സ്ഥിരമായി വന്യമൃഗങ്ങളെ വേട്ടയാടി കാട്ടിറച്ചി വിൽപ്പന നടത്തിവരുന്നയാളാണെന്നാണ് വനംവകുപ്പിന്റെ നിഗമനം. സംഭവത്തിൽ മറ്റ് ആളുകൾ കൂടി ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും എരുമേലി റേഞ്ച് ഓഫീസർ ഹരിലാൽ അറിയിച്ചു. നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


