HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം; മഹാരാഷ്ട്രയിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം

മഹാരാഷ്ട്രയിൽ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം

നിര്‍ബന്ധിത മതപരിവർത്തനം ആരോപിച്ച് മഹാരാഷ്ട്രയിൽ അറസ്റ്റിലായ സിഎസ് ഐ വൈദികന് ജാമ്യം. മലയാളി വൈദികന് ഒപ്പം അറസ്റ്റിലായ മറ്റു വൈദികരടക്കമുള്ള ഏഴു പേര്‍ക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അമരവിള സ്വദേശി ഫാദർ സുധീറും ഭാര്യ ജാസ്മിനും ഉൾപ്പെടെയുള്ളവരെ മഹാരാഷ്ട്ര പൊലീസ് ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കാണിപ്പോള്‍ മഹാരാഷ്ട്രയിലെ വറൂട് കോടതിം ജാമ്യം അനുവദിച്ചത്. മതവികാരം വ്രണപ്പെടുത്തിയെന്നതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്. 12 പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് കോടതിയുടെ ഇടപെടലിനെ തുടർന്ന് നാല് പേരെ ഒഴിവാക്കുകയായിരുന്നു. പൊലീസ് കേസെടുത്ത മലയാളി വൈദികനടക്കമുള്ള എട്ടുപേര്‍ക്കാണ് ഇപ്പോള്‍ കോടതി ജാമ്യം അനുവദിച്ചത്. വൈദികനെയും കസ്റ്റഡിയിലെടുത്ത മറ്റുള്ളവരെയും അന്വേഷിച്ച് സ്റ്റേഷനിലെത്തിയ നാലുപേരെയാണ് കേസിൽ കോടതി ഇടപെടലിനെതുടര്‍ന്ന് ഒഴിവാക്കിയത്. മതപരിവർത്തനം നടത്തിയിട്ടില്ലെന്നും ക്രിസ്മസ് ആരാധന മതപരിവർത്തന പരിപാടിയല്ലെന്നും ജാമ്യം ലഭിച്ചശേഷം ഫാ. സുധീര്‍ പറഞ്ഞു. അതിക്രമം നടത്തിയത് ബജ്റംഗ്ദൾ പ്രവർത്തകർ ആണെന്നും ഇവരിൽനിന്ന് നേരത്തെ വധഭീഷണി നേരിടേണ്ടി വന്നിട്ടുണ്ടെന്നും പൊലീസ് കസ്റ്റഡിയിലുള്ള ജാസ്മിൻ വ്യക്തമാക്കിയിരുന്നു. 


മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ ഷിങ്കോരി ഗ്രാമത്തിൽ ഇന്നലെ വൈകിട്ടോടെയാണ് സിഎസ്ഐ സഭയിലെ പുരോഹിതരും വിശ്വാസികളും ഉൾപ്പെടെയുള്ളവരെ ബജരംഗ് ദൾ പ്രവർത്തകരെന്ന് പരിചയപ്പെടുത്തിയെത്തിയ സംഘം മതപരിവർത്തനം ആരോപിച്ച് തടഞ്ഞുവെച്ചതും പിന്നീട് പൊലീസിന് കൈമാറിയതും. തിരുവനന്തപുരം അമരവിള സ്വദേശി ഫാദർ സുധീറും ഭാര്യ ജാസ്മിനും ഉൾപ്പെടെ എട്ടുപേരെയാണ് പൊലീസ് ആദ്യം കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് രാത്രി തന്നെ ഇവരെ ബനോട പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. പിന്നീടാണ് ഇവര്‍ക്കൊപ്പമുള്ള മറ്റുള്ളവരെ കൂടി കേസിൽ ഉള്‍പ്പെടുത്തുന്നത്.  ബിഎൻഎസ് 299 പ്രകാരം മതവികാരം വ്രണപ്പെടുത്തി എന്ന തടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തത്. എന്നാൽ, ഒരാളെയും മതം മാറ്റിയിട്ടില്ലന്നും സുഹൃത്തായ പാസ്റ്ററുടെ വീട്ടിൽ ജന്മദിനം ആഘോഷിക്കാനും ക്രിസ്മസ് പ്രാർത്ഥനയിൽ പങ്കെടുക്കാനും പോയപ്പോഴാണ് ബജരംഗ്ദൾ പ്രവര്‍ത്തകര്‍ അതിക്രമം നടത്തിയതെന്നും സുധീറിന്‍റെ ഭാര്യ ജാസ്മിൻ പറഞ്ഞു. ബജറംഗ് ദളിന്‍റെ സമർത്ഥത്തെ തുടർന്നാണ് കസ്റ്റഡിയിൽ എടുക്കുന്നത് എന്ന് പൊലീസ് അറിയിച്ചതായും ഇവർ പറഞ്ഞു.


പുരോഹിതർ ഉൾപ്പെടെയുള്ള സംഘത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യവുമായി ബജരംഗ് ദൾ പ്രവർത്തകർ ബനോട പൊലീസ് സ്റ്റേഷനു മുന്നിൽ സംഘടിച്ചെത്തുകയും ചെയ്തിരുന്നു. ഫാദർ സുധീറും ഭാര്യ ജാസ്മിനും അഞ്ചുവർഷത്തോളമായി അമരാവതി മേഖലയിലാണ് പ്രവർത്തനം മുൻപും പലവട്ടം ബജരംഗ് ദളിൽ നിന്ന് ഭീഷണി നേരിട്ടിരുന്നതായും ഇവര്‍ പറയുന്നു. അതേസമയം, വൈദികന്‍റെ അറസ്റ്റിന് പിന്നാലെ രാജ്യത്ത് ക്രൈസ്തവ വിഭാഗങ്ങൾക്കെതിരെ ആവർത്തിക്കുന്ന അതിക്രമങ്ങളിൽ സിഎസ്ഐ സഭാ നേതൃത്വം ആശങ്ക അറിയിച്ചു. ഫാദർ സുധീറിനും സംഘത്തിനും നിയമസഹായം നൽകാനായി നാഗപൂരിലേക്ക് പ്രതിനിധി സംഘത്തെ അയച്ചതായും സിഎസ്ഐ നേതൃത്വം അറിയിച്ചിരുന്നു. ബജരംഗ്ദൾ അതിക്രമത്തിൽ പ്രതിഷേധിച്ച് വിവിധ ഇടങ്ങളിൽ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും സഭാ നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണിപ്പോള്‍ വൈദികന് കോടതി ജാമ്യം അനുവദിച്ചത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA