HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

പ്രാര്‍ത്ഥനകള്‍ ബാക്കിയാക്കി സോണ യാത്രയായി; പനിയെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 5 ദിവസം മുൻപ്, കോമയിലെത്തി; ചികിത്സയിലിരിക്കേ വേര്‍പാട്

മാതാപിതാക്കളെ വീണ്ടുമൊന്ന് കാണാൻ കാത്ത് നിൽക്കാതെ സോണ യാത്രയായി

മാതാപിതാക്കളെ വീണ്ടുമൊന്ന് കാണാൻ കാത്ത് നിൽക്കാതെ, ജോർജിയയിൽ കോമയിലായിരുന്ന സോണ(23) യാത്രയായി. ഇന്ന് ഉച്ചയോടെയാണ് സോണ മരണത്തിന് കീഴടങ്ങിയത്. പനി ബാധിച്ചതിനെ തുടർന്ന് 5 ദിവസം മുമ്പ് ആശുപത്രിയിൽ ചികിത്സ തേടിയ സോണയെ നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. ശക്തമായ തലവേദനയും പനിയും ബാധിച്ചതിനെ തുടർന്നാണ് മെഡിക്കൽ വിദ്യാർത്ഥിനിയായ, ആലുവ തായ്ക്കാട്ടുകര എസ്.എൻ.പുരം റോയ് ജിജി ദമ്പതികളുടെ മകൾ സോണയെ ജോർജിയയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


ആശുപത്രിയിൽ എത്തിയപ്പോഴാണ് സമാന രോഗ ലക്ഷണങ്ങളോടെ ഈയടുത്ത് ആശുപത്രിയിൽ മറ്റൊരു കുട്ടിയും മരണപ്പെട്ടിരുന്നുവെന്ന് സോണ അറിയുന്നത്. അതോടെ താനും മരിക്കും എന്ന് അമ്മയോട് വിഷമത്തോടെ പറയുകയും ചെയ്തിരുന്നു. അപ്പോഴെല്ലാം സോണയെ ആശ്വസിപ്പിച്ചത് ഉടൻ നാട്ടിലെത്തിക്കാം വിഷമിക്കേണ്ട എന്ന് ഉറപ്പ് നൽകിയായിരുന്നു. ആശുപത്രിയിൽ ചികിത്സ തേടി രണ്ടാമത്തെ ദിവസം തന്നെ സോണ കോമയിലാവുകയും തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.


കോമയിൽ കഴിയുന്ന സോണയെ നാട്ടിലെത്തിക്കാൻ ലക്ഷങ്ങൾ വേണ്ടിവരുമെന്ന് അറിഞ്ഞതോടെ പ്രതിസന്ധിയിലായ കുടുംബം സർക്കാരിന്റെ ഇടപെടൽ അഭ്യർത്ഥിച്ചിരുന്നു. ഉറ്റ ബന്ധുക്കൾ എത്തിയാൽ മാത്രമാണ് സോണയെ തിരികെ എത്തിക്കാനാവൂ എന്നതിനാൽ ജോർജിയയിലേക്ക് പോകാൻ വിസയ്ക്ക് അപേക്ഷിച്ച് കാത്തിരിക്കുകയായിരുന്നു കുടുംബം.


മൂന്നര വർഷം മുൻപാണ് സോണ ജോർജിയയിൽ എംബിബിഎസ് പഠനത്തിന് പോയത്. ഏറെ പ്രതീക്ഷകളോടെയാണ് മാതാപിതാക്കൾ മകളെ വായ്പയെടുത്ത് മെഡിക്കൽ പഠനത്തിന് അയച്ചതും. നാട്ടിൽ എത്തിച്ച് മികച്ച ചികിത്സ നൽകി മകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാമെന്ന ശുഭ പ്രതീക്ഷയിലായിരുന്നു മാതാപിതാക്കൾ. ഇതെല്ലാം വിഫലമാക്കി കൊണ്ടാണ് സോണ എന്നെന്നേയ്ക്കുമായി യാത്രയായത്. എത്രയും വേഗം സോണയുടെ മൃതദേഹം നാട്ടിൽ എത്തിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA