തമിഴ്നാട്ടിൽ നിന്നും ഗൂഗിൾ മാപ്പ് നോക്കി എത്തിയ തടി ലോറി തൊടുപുഴ - വാഗമൺ റോഡിലെ കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട് തിട്ടയിലിടിച്ച് മറിഞ്ഞു. ഡ്രൈവറുടെ മനോധൈര്യത്താൽ വൻ ദുരന്തം ഒഴിവായി. തേനിയിൽ നിന്നും പെരുമ്പാവൂരിലേക്ക് തടിയുമായി പോകുകയായിരുന്ന ലോറി, ശനിയാഴ്ച രാവിലെ പത്തു മണിയോടെ പുള്ളിക്കാന ത്തിന് സമീപം കുമ്പങ്കാനം വളവിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. തേനി വത്തലഗുണ്ട് സ്വദേശികളായ കാശിരാജ്, കാർത്തി എന്നിവരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. കുത്തനെയുള്ള ഇറക്കം ഇറങ്ങി വരുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ കാശിരാജ് കാട്ടിയ മനോധൈര്യം വലിയൊരു ദുരന്തം ഒഴിവാക്കി.
നിയന്ത്രണം നഷ്ടപ്പെട്ട ലോറിക്ക് മുൻപിൽ വാഗമണ്ണിലേക്ക് പോകുകയായിരുന്ന ഒരു കാർ വരുന്നുണ്ടായിരുന്നു. വലതുവശത്തെ കൊക്കയിലേക്കോ മുൻപിലെ കാറിലേക്കോ വാഹനം പാഞ്ഞു കയറാതിരിക്കാൻ ഡ്രൈവർ മനഃപൂർവ്വം ഇടത് വശത്തെ തിട്ടയിലേക്ക് ലോറി ഇടിച്ച് കയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ലോറി സമീപത്തെ പുതുപ്പടിക്കൽ സജിയുടെ വീട്ടു മുറ്റത്തേക്കാണ് പതിച്ചത്. ശബ്ദം കേട്ട് ഓടിയെത്തിയ സജിയും കുടുംബാംഗങ്ങളും ചേർന്ന് ലോറിയുടെ മുൻവശത്തെ ഗ്ലാസ് തകർത്താണ് ഡ്രൈവറെയും സഹായിയെയും പുറത്തെത്തിച്ചത്. ഇരുവരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കുത്തനെയുള്ള ഇറക്കവും കൊടുംവളവുകളും നിറഞ്ഞ ഈ പാതയെക്കുറിച്ച് ധാരണയില്ലാതെ ഗൂഗിൾ മാപ്പിനെ മാത്രം ആശ്രയിച്ച് വന്നതാണ് അപകടത്തിന് കാരണമായത്. ഭാരമേറിയ ലോറികൾ സാധാരണയായി ഈ വഴി കടന്നുപോകാറില്ലെന്ന് നാട്ടുകാർ പറഞ്ഞു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


