
ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ഇന്ന് നിർണായകം. സംസ്ഥാനത്തിനകത്തും പുറത്തും രാഹുലിനെ പൊലീസ് തെരയുന്നതിനിടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ടമുറിയിൽ വേണമെന്ന് പ്രോസിക്യൂഷനും രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അഭിഭാഷകനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അനുവദിക്കണോ എന്നതിലാകും ആദ്യവാദം. തനിക്കെതിരായ പരാതിയിലെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വാദം. പീഡനാരോപണവും ഗർഭഛിദ്രം നടത്തിയെന്ന പരാതിയും മുൻകൂർ ജാമ്യാപേക്ഷയിൽ രാഹുൽ നിരസിച്ചിട്ടുണ്ട്. ഇതിനായി ഡിജിറ്റൽ തെളിവുകളും രാഹുൽ ഹാജരാക്കിയിരുന്നു. എന്നാൽ, ഇതിനോടകം രാഹുലിനെതിരെ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അതേസമയം, രാഹുലിനെതിരെ പരമാവധി തെളിവുകള്‍ ശേഖരിച്ച് ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് പ്രോസിക്യൂഷൻ നീക്കം. നിലവിലെ കേസ് കൂടാതെ രാഹുൽ സ്ഥിരം പ്രശ്നക്കാരനാണെന്നാണ് പ്രോസിക്യൂഷൻ വാദിക്കുക. അതേസമയം, പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് രാഹുലിന്‍റെ വാദം.
ഇന്നലെ രാഹുലിനെതിരെ കെപിസിസിക്ക് ലഭിച്ച ലൈംഗിക പീഡന പരാതിയിലും പൊലീസ് കേസെടുത്തേക്കും. പരാതി ഇന്നലെ കെപിസിസി നേതൃത്വം ഡിജിപിക്ക് കൈമാറിയിരുന്നു. കേസെടുത്തശേഷം പരാതിക്കാരിയെ കണ്ടെത്താമെന്നാണ് ഉന്നത പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. ഗുരുതര കുറ്റകൃത്യം വെളിവായാൽ കേസെടുക്കുന്നതിൽ നിയമതടസമില്ലെന്നാണ് വിശദീകരണം. പരാതിക്കാരി പിന്നീട് കേസുമായി സഹകരിച്ചില്ലെങ്കിൽ കേസ് അവസാനിപ്പിക്കും. ഹേമകമ്മീഷൻ കേസുകളിലും സമാനകാര്യം ചെയ്തത് ചൂണ്ടികാണിച്ചാണ് ആദ്യം കേസെടുക്കാനുള്ള നീക്കം നടക്കുന്നത്. അതേസമയം, ഒളിവിലുള്ള രാഹുലിനായി പൊലീസ് രാത്രയിലും പരിശോധന തുടര്‍ന്നു. കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയിലെ ബാഗല്ലൂരിലും പരിസരങ്ങളിലും രാത്രിയിലും പരിശോധന തുടര്‍ന്നു. അന്വേഷണം ബെംഗളൂരുവിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കൂടുതൽ പൊലീസ് സംഘം കര്‍ണാടകയിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാലക്കാടും തിരുവനന്തപുരത്തും വിശദ അന്വേഷണം പ്രത്യേക സംഘം നടത്തിയിരുന്നു. ഇന്നലെ ഒളിവിലുള്ള രാഹുലിനെ തേടി പൊലീസ് സംഘം കര്‍ണാടക -തമിഴ്നാട് അതിര്‍ത്തിയായ ബാഗല്ലൂരിലെത്തിയെങ്കിലും രാഹുൽ അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. ബാഗല്ലൂരിലെ റിസോര്‍ട്ടിലാണ് രാഹുൽ ഒളിവിൽ കഴിഞ്ഞിരുന്നത്. തമിഴ്നാട്ടിലും കര്‍ണാടകയിലും രാഹുലിനായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
കൂടുതൽ കടുത്ത നടപടിക്ക് കോണ്‍ഗ്രസ്
അതേസമയം, വീണ്ടും ലൈംഗിക പീഡന പരാതി ഉയര്‍ന്നതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കൂടുതൽ കടുത്ത നടപടിയിലേക്ക് നീങ്ങുകയാണ് കോൺഗ്രസ്. രാഹുലിനെ പൂര്‍ണമായും കൈവിടാനാണ് കോണ്‍ഗ്രസ് നീക്കം. വീണ്ടും പരാതികൾ ഉയർന്നതോടെ പാർട്ടിയിൽ നിന്ന് രാഹുലിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമായി. നേതാക്കൾ കൂടിയാലോചന നടത്തി ഉടൻ ഇക്കാര്യത്തിൽ തീരുമാനം എടുക്കും. നിലവിൽ സസ്‌പെൻഷനിലാണ് രാഹുൽ. നിലവിലെ സാഹചര്യത്തിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയാൽ രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. അതേസമയം, എംഎൽഎ സ്ഥാനം രാജിവെപ്പിക്കാൻ സാങ്കേതിക പരിമിതികൾ ഉണ്ടെന്ന് നേതൃത്വം പറയുന്നു. സമാനമായ കേസുകളിൽ ഉൾപ്പെട്ട എംഎൽഎമാർ പദവിയിൽ തുടരുന്നതും പ്രശ്നമാണ്. പാർട്ടിയിൽ നിന്ന് സസ്‌പെൻഷനിലായതിനാൽ രാജി നിർദേശം രാഹുൽ അംഗീകരിക്കണമെന്നുമില്ല.
രാഹുൽ ഈശ്വറിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ
ഇതിനിടെ,രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കേസിൽ റിമാൻഡിലായി പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുകയാണ് രാഹുൽ ഈശ്വർ. അറസ്റ്റിൽ പ്രതിഷേധിച്ച് നിരാഹാര സമരവും ജയിലിൽ തുടരുകയാണ്. ഡോക്ടർമാർ രാഹുലിനെ പരിശോധിക്കുന്നുണ്ട്. അറസ്റ്റ് നിയമവിരുദ്ധമെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുളള കുറ്റം ചെയ്തിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വറിന്‍റെ വാദം. പരാതിക്കാരിയുടെ പേരോ വിവരങ്ങളോ പരസ്യപ്പെടുത്തിയിട്ടില്ലെന്നും വാദമുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.

