
ഒരു സാധാരണ സ്വകാര്യ ബസ് യാത്രക്കാരുടെ ഹൃദയത്തിൽ സ്ഥാനമുറപ്പിക്കുന്നത് എങ്ങനെയെന്നതിന് ഉദാഹരണമായി മാറുകയാണ് തൊടുപുഴ–കുമളി റൂട്ടിൽ സർവീസ് നടത്തുന്ന ശോഭാസ് ബസ്. ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ഉടമയും ജീവനക്കാരും യാത്രക്കാരും ഒരുമിച്ച് പങ്കെടുത്ത വ്യത്യസ്ത ആഘോഷമാണ് ശോഭാസ് ബസിനെ വാർത്തയാക്കുന്നത്.
വീഡിയോ കാണാം ........
ഇടുക്കി–കട്ടപ്പന റൂട്ടിലെ മീൻമുട്ടിയ്ക്കടുത്തുള്ള അതിമനോഹരമായ നടവഴി വെള്ളച്ചാട്ടവും മഞ്ഞു പെയ്തിറങ്ങുന്ന പാതയോരവുമാണ് ആഘോഷത്തിനായി തിരഞ്ഞെടുത്തത്. വൈകുന്നേരം ജോലി കഴിഞ്ഞ് എത്തുന്ന യാത്രക്കാരുമായി ശോഭാസ് ബസ് എത്തുമ്പോൾ, ബസ് ഉടമ ജ്യോതിഷ് ബാബു മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്ത് ശോഭാസിന്റെ തനി പകർപ്പ് കേക്കിൽ തീർത്തുകൊണ്ട് കാത്തുനിന്നിരുന്നു. തൊപ്പികളണിഞ്ഞ് എത്തിയ യാത്രക്കാരും ബസ്സിലെ ജീവനക്കാരും വൈനും കേക്കും സമ്മാനപ്പൊതികളുമായി ആഘോഷത്തിൽ പങ്കെടുത്തു. എല്ലാവരും ചേർന്ന് കേക്ക് മുറിച്ച ശേഷം ‘യഹൂദിയായിലെ ഒരു ഗ്രാമത്തിൽ’ എന്ന ക്രിസ്മസ് ഗാനം ആലപിച്ചു. തുടർന്ന് സമ്മാനങ്ങൾ കൈമാറി സന്തോഷം പങ്കുവെച്ചു.
യാത്രക്കാരും ജീവനക്കാരും ഉടമയും തമ്മിലുള്ള ആത്മബന്ധമാണ് ഈ ആഘോഷത്തെ വ്യത്യസ്തമാക്കുന്നത്. ക്രിസ്മസ് സന്തോഷം പങ്കിട്ട ശേഷം ബസ് വീണ്ടും യാത്ര തുടർന്നു — തൊടുപുഴ എന്ന കൊച്ചു പട്ടണത്തെ ലക്ഷ്യമാക്കി. ശോഭാസ് ബസിലെ ജീവനക്കാരായ അജി, ബിബിൻ, ബിട്ടു, വിപിൻ എന്നിവർ ആഘോഷത്തിന് നേതൃത്വം നൽകി. ബസ് ഉടമ ജ്യോതിഷ് ബാബുവിന്റെയും യാത്രക്കാരുടേയും സഹകരണത്തോടെയാണ് ഈ വ്യത്യസ്ത ക്രിസ്മസ് ആഘോഷം സാധ്യമായത്.

