
തുടര്‍ച്ചയായ അവധികളും ബാങ്ക് ജീവനക്കാരുടെ പണിമുടക്കും മൂലം നാളെ കഴിഞ്ഞാല്‍ നാല് ദിവസം തുടര്‍ച്ചയായി ബാങ്കുകള്‍ അടഞ്ഞുകിടക്കും. മൂന്ന് ദിവസം ബാങ്ക് അവധിയും ഒരു ദിവസം രാജ്യവ്യാപക പണിമുടക്കുമാണ് വരാനുള്ളത്. ഇതോടെ ബാങ്കിംഗ് ഇടപാടുകള്‍ പൂര്‍ണമായി തടസ്സപ്പെടും. ഇടപാടുകള്‍ നടത്തേണ്ടവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിച്ച് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. മാസാവസാനം അടുത്തുവരുന്നതിനാല്‍ പ്രവൃത്തി ദിനങ്ങളില്‍ ബാങ്കുകളില്‍ പതിവിലേറെ തിരക്ക് അനുഭവപ്പെടാനും സാധ്യതയുണ്ട്.
ഏതെല്ലാം ദിവസങ്ങളിലാണ് അവധി?
ജനുവരി 24, 25, 26 തീയതികളിലാണ് ബാങ്ക് അവധികള്‍.
ജനുവരി 24: മാസത്തിലെ നാലാം ശനിയാഴ്ചയായതിനാല്‍ ബാങ്ക് അവധി
ജനുവരി 25: ഞായറാഴ്ച
ജനുവരി 26: റിപ്പബ്ലിക് ദിനം
ഇതോടെ തുടര്‍ച്ചയായ മൂന്ന് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. തുടര്‍ന്ന് ജനുവരി 27ന് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക് നടക്കും. പണിമുടക്ക് പൂര്‍ണമായും നടപ്പാക്കിയാല്‍ ഫലത്തില്‍ നാല് ദിവസം തുടര്‍ച്ചയായി ബാങ്ക് പ്രവര്‍ത്തനം തടസ്സപ്പെടും.
എന്തിനാണ് ബാങ്ക് പണിമുടക്ക്?
ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസം എന്ന ആവശ്യമാണ് ബാങ്ക് ജീവനക്കാര്‍ ഉന്നയിക്കുന്നത്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) നേതൃത്വത്തിലാണ് പണിമുടക്ക്. ബെഫി, എഐബിഇഎ, എഐബിഒസി, എന്‍സിബിഇ എന്നിവ ഉള്‍പ്പെടെ രാജ്യത്തെ ഒമ്പത് ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയാണ് യുഎഫ്ബിയു.
നിലവില്‍ ഞായറാഴ്ചകള്‍ക്കൊപ്പം ഓരോ മാസത്തെയും രണ്ടാം, നാലാം ശനിയാഴ്ചകളിലാണ് ബാങ്ക് ജീവനക്കാര്‍ക്ക് അവധി. ശേഷിക്കുന്ന രണ്ട് ശനിയാഴ്ചകളും അവധിയാക്കണമെന്നാണ് ആവശ്യം. ഇതിന് പകരമായി തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രതിദിനം 40 മിനിറ്റ് അധികം ജോലി ചെയ്യാന്‍ തയ്യാറാണെന്നും ജീവനക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

