
തൃശൂർ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ മുസ്ലീംലീഗ് സ്വതന്ത്രൻ എൽഡിഎഫിന് കൂറുമായി വോട്ട് ചെയ്ത സംഭവത്തിൽ, 50 ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്തെന്ന് ശബ്ദരേഖ. മുസ്ലീംലീഗ് സ്വതന്ത്രനായി മത്സരിച്ച ഇയു ജാഫറിന്റെ പേരിലാണ് ശബ്ദരേഖ പ്രചരിക്കുന്നത്. സംഭവത്തിൽ കോൺഗ്രസ് നേതാവ് അനിൽ അക്കര നൽകിയ പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി.
ഭരണം പിടിക്കാൻ സിപിഐഎം നേതൃത്വം അൻപതുലക്ഷം രൂപ വാഗ്ദാനം ചെയ്തു എന്നാണ് ശബ്ദരേഖയിൽ പറയുന്നത്. ലീഗ് സ്വതന്ത്രനായ ജാഫർ മാസ്റ്റർ നേരത്തെ വാർഡ് മെമ്പർ സ്ഥാനം രാജി വച്ചിരുന്നു. പാർട്ടി നടപടി വന്നതിന് പിന്നാലെ ആയിരുന്നു വാർഡ് മെമ്പർ സ്ഥാനം രാജിവച്ചത്. അമ്പത് ലക്ഷം രൂപ ഇപ്പോൾ ഓഫർ ഉണ്ട്. ഒന്നെങ്കിൽ പ്രസിഡന്റാകാമെന്നും അല്ലെങ്കിൽ അമ്പത് ലക്ഷം രൂപ എന്നായിരുന്നു ശബ്ദരേഖയിൽ പറയുന്നത്.
കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റുമായി സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ആകെയുള്ള 14 ഡിവിഷനിൽ എൽഡിഎഫിനും യുഡിഎഫിനും 7 വീതമാണ് സീറ്റുകൾ ലഭിച്ചിരുന്നത്. തുടർന്ന്, പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥി കെവി നഫീസ എൽഡിഎഫിൽ നിന്നുള്ള ഏഴും, യുഡിഎഫിൽ നിന്നുള്ള ഒരു വോട്ടും ചേർത്ത് എട്ട് വോട്ടുകൾ നേടിയാണ് വിജയിച്ചത്. അബദ്ധത്തിൽ വോട്ടു മാറി ചെയ്തതാണെന്നായിരുന്നു ഇയു ജാഫറിന്റെ വിശദീകരണം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.

