
ക്രിസ്ത്യാനികൾക്കെതിരേ നടക്കുന്ന ആക്രമണങ്ങളിൽ കേന്ദ്രസർക്കാരിനെതിരേ ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. ക്രിസ്ത്യാനി സമൂഹത്തിനെതിരേ നടക്കുന്നതായ ആക്രമണങ്ങളിൽ ശരിയായ ബോധവത്കരണം നടത്തേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം പനയമ്പാല സെൻ്റ് മേരീസ് പള്ളിയിൽ പെരുന്നാൾ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതു മതവും സത്യത്തിനും നീതിക്കും സ്നേഹത്തിനും സന്ദേശം നൽകുന്നതാണ്. പക്ഷേ ഏതു മതത്തിലും, മതഭ്രാന്തന്മാർ ഉണ്ടാകാം. ആ മതഭ്രാന്തന്മാരെ നിയന്ത്രിക്കാൻ ഏത് രാജ്യത്തായാലും അതിൻ്റെ ഭരണകർത്താക്കളാണ് ഉത്തരവാദപ്പെട്ടവരെന്ന് അദ്ദേഹം പറഞ്ഞു.
'അമേരിക്ക ഫോർ അമേരിക്കൻസ് എന്ന് പറയുന്ന ട്രംപിനെ പോലെ ഇന്ത്യ ഫോർ ഹിന്ദൂസ് എന്ന് പറയുന്ന ആർഎസ്‌എസിൻ്റെ ഒരു വലിയ ആപ്തവാക്യം ഉണ്ടെങ്കിൽ അത് ഈ ഇന്ത്യയിൽ ചെലവാകാൻ പോകുന്നില്ല. അത് നടക്കത്തുമില്ല. ക്രിസ്‌ത്യാനികൾ അതിനുവേണ്ടി രക്തസാക്ഷികൾ ആകുന്നതിന് ഒരു മടിയുമില്ല. കാരണം ക്രിസ്‌തീയ മതം ഉണ്ടായിരിക്കുന്നത് രക്തസാക്ഷിത്വത്തിൽ കൂടി, പീഡനത്തിൽ കൂടിയാണ്. പീഡനങ്ങളുടെ ചെറുത്തുനിൽപ്പ് ഒന്നാം നൂറ്റാണ്ട് മുതൽ തുടങ്ങിയതാണ് മാർത്തോമാ ശ്ലീഹ ഇന്ത്യയിൽ വന്ന് സുവിശേഷം അറിയിച്ചപ്പോൾ ഇവിടെ ഉണ്ടായിരിക്കുന്നതായ ആളുകൾ ഇതെല്ലാം സ്വീകരിച്ചു. ഇവിടെ ആരെയും നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചിട്ടില്ല. അങ്ങനെയായിരുന്നെങ്കിൽ ഇന്ന് ക്രിസ്ത്യാനികൾ 2.7% മാത്രം ഇന്ത്യൻ പോപ്പുലേഷനിൽ ഉണ്ടാകുമായിരുന്നില്ല', അദ്ദേഹം പറഞ്ഞു.
'വളരെ തെറ്റായ സമീപനത്തിൽ ആർഎസ്‌എസിൻ്റെ പോഷക സംഘടനകളായിരിക്കുന്ന ബജരംഗ്‌ദളും അതുപോലെ വിഎച്ച്‌പിയും ഒക്കെ ഈ സമൂഹത്തിലെ ക്രിസ്‌ത്യാനികളെ, അല്ലെങ്കിൽ മതന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതായ വാസ്‌തവം മാധ്യമങ്ങളിൽ കണ്ടു. നമുക്കറിയാം കന്യാസ്ത്രീകൾ കഴിഞ്ഞപ്പോൾ വൈദികരായി. പള്ളിയുടെ പുറത്തുള്ളതായ ആഘോഷങ്ങൾ- ക്രിസ്‌തുമസ് ആഘോഷങ്ങൾ നശിപ്പിച്ച് അകത്ത് കയറാൻ അധികം താമസം ഇല്ല. ഇനി പള്ളിക്ക് അകത്തുള്ള ആരാധനയിൽ ആയിരിക്കാം ഇനിയുള്ളതായ ആക്രമണം ഉണ്ടാകുന്നത്. അത് നമ്മൾ പ്രതീക്ഷിച്ചിരിക്കണം. കാരണം ഏതു മതവും സത്യത്തിനും നീതിക്കും സ്നേഹത്തിനും സന്ദേശം നൽകുന്നതാണ്. പക്ഷേ ഏതു മതത്തിലും, അതിൽ മതഭ്രാന്തന്മാർ ഉണ്ടാകാം. ആ മതഭ്രാന്തന്മാരെ നിയന്ത്രിക്കുവാൻ ഏത് രാജ്യത്തായാലും അതിൻ്റെ ഭരണകർത്താക്കളാണ് ഉത്തരവാദപ്പെട്ടവർ. അത് ഏത് സമൂഹത്തിലും ആകട്ടെ, ഏതു മതത്തിലും ആകട്ടെ. മതത്തിൻ്റെ ആചാരവും മതത്തിൻ്റെ എല്ലാ തരത്തിലുള്ള സ്വാതന്ത്ര്യവും നമ്മൾ എല്ലാവരും അനുഭവിക്കുന്നുണ്ട്'.
'ഇന്ത്യയിലുള്ള എല്ലാ ജനങ്ങളും ഒരുപോലെ സ്വതന്ത്രരാണ്, ഭരണഘടനയുടെ മുമ്പിൽ. ഒരുപോലെ. അത് ഭൂരിപക്ഷ മതമെന്നോ ന്യൂനപക്ഷ മതമെന്നോ ഇല്ല. എല്ലാ മതത്തിനും ഒരുപോലെയുള്ള അവകാശമാണ്. ഏതു മതത്തിൽ വിശ്വസിക്കുവാനും അത് പ്രാക്ടീസ് ചെയ്യുവാനും അത് പ്രചരിപ്പിക്കുവാനും ഉള്ളതായ അവകാശം. ഈ പ്രചാരണത്തിനുള്ളതായ അവകാശം ആർക്കും നിഷേധിക്കാൻ സാധ്യമല്ല. ആരാധനാലയങ്ങൾ നിർമ്മിക്കുവാനോ ആരാധിക്കുവാനോ ഉള്ള സ്വാതന്ത്ര്യം എല്ലാ മതങ്ങൾക്കും ഒരുപോലെ തന്നെ ദൈവം നൽകുന്നതാണ്. അല്ലെങ്കിൽ ഈ ഭരണഘടന നൽകുന്നതാണ്. അതിന് വിപരീതമായി പ്രവർത്തിക്കാൻ ഏതാനും ചില തീവ്രവാദികൾക്കോ ടെററിസ്റ്റ് ഗ്രൂപ്പുകൾക്കോ അവകാശമില്ല. അത് നിയന്ത്രിക്കേണ്ടത് ഈ രാജ്യം ഭരിക്കുന്നതായ ഭരണാധിപന്മാരാണ്. അവർ അതിനെതിരെ ശബ്ദമുയർത്താതെ അതിനെ അപലപിക്കാതെ ഇരിക്കുന്ന സമയത്ത് ഇത് അവരുടെ പദ്ധതിയുടെ ഒരു ഭാഗമാണെന്ന് മാത്രമേ ക്രിസ്‌ത്യാനികൾക്ക് അല്ലെങ്കിൽ ന്യൂനപക്ഷങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. അപലപിക്കുന്നില്ലെങ്കിൽ അതിനെ നിയന്ത്രിക്കുന്നില്ലെങ്കിൽ സൈലന്റ് ആയിട്ട് നിശബ്ദദമായിട്ട് അതിന് അംഗീകാരം കൊടുക്കുന്നതാണെന്നുള്ളത് എല്ലാവർക്കും അറിയാം'.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.

