HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഇടുക്കിയിൽ പഴകിയ മത്സ്യ–മാംസ വിൽപ്പന വ്യാപകം; നിരവധിപേർക്ക് ഭക്ഷ്യവിഷബാധ, ഹോട്ടലുകളിലും മത്സ്യക്കടകളിലും ആരോഗ്യവകുപ്പ് പരിശോധന ഒഴിവാക്കുന്നതായി പരാതി

ഇടുക്കിയിൽ പഴകിയ മത്സ്യ–മാംസ വിൽപ്പന വ്യാപകം

ഇടുക്കി ജില്ലാ ആസ്ഥാനത്തും സമീപ പ്രദേശങ്ങളിലുമുള്ള ചില മത്സ്യവ്യാപാര സ്ഥാപനങ്ങളിൽ മാസങ്ങൾ പഴകിയ മത്സ്യങ്ങൾ വിൽപ്പന നടത്തുന്നതായി പരാതി. പഴകിയ മത്സ്യം വാങ്ങി കഴിച്ചതിനെ തുടർന്ന് നിരവധി പേർക്ക് വയറിളക്കവും വയറിലെ അണുബാധയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൃത്തിഹീനമായി പ്രവർത്തിക്കുകയും പഴകിയ ഭക്ഷണം വിതരണം ചെയ്യുകയും ചെയ്യുന്ന ഹോട്ടലുകളുടെ എണ്ണവും ജില്ലയിൽ വർധിക്കുകയാണ്. ഹോട്ടലുകളിലും ഭക്ഷ്യോൽപ്പന്ന വിപണന കേന്ദ്രങ്ങളിലുമുള്ള ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണെങ്കിലും, ആരോഗ്യവകുപ്പ് പരിശോധന നിർത്തിയതോടെ പല സ്ഥാപനങ്ങളിലുമൊന്നും ഹെൽത്ത് കാർഡുള്ള ജീവനക്കാർ ഇല്ലെന്നാണ് ആരോപണം.


വൃത്തിഹീനമായ പ്രവർത്തനങ്ങളും പഴകിയ ഭക്ഷണ വിൽപ്പനയും നടത്തുന്ന നിരവധി ഹോട്ടലുകളും മത്സ്യ–മാംസ വിതരണ സ്ഥാപനങ്ങളും ഉദ്യോഗസ്ഥർക്ക് പടി നൽകി പരിശോധന ഒഴിവാക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു. ഗുണനിലവാരമില്ലാത്ത പഴകിയ എണ്ണ ഉപയോഗിച്ചാണ് പല ഹോട്ടലുകളിലും പാചകം നടക്കുന്നതെന്നും പറയുന്നു.


ചെറുതോണി, തങ്കമണി, തോപ്രാംകുടി, കരിമ്പൻ, തടിയമ്പാട്, കഞ്ഞിക്കുഴി, മുരിക്കാശേരി തുടങ്ങിയ പ്രദേശങ്ങളിലായി പഴകിയ മത്സ്യവും മാംസാഹാരങ്ങളും ഭക്ഷണവസ്തുക്കളും വ്യാപകമായി വിൽക്കപ്പെടുന്നതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച തങ്കമണി ജംഗ്ഷനിലെ ഒരു കടയിൽ നിന്നു മത്സ്യം വാങ്ങി കഴിച്ച ഒരു കുടുംബത്തിലെ നാല് പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇതേ തുടർന്ന് കടയുടമയ്‌ക്കെതിരെ പോലീസിൽ പരാതി നൽകി. അമോണിയം, ഫോർമാലിൻ തുടങ്ങിയ രാസവസ്തുക്കൾ ഉപയോഗിച്ചാണ് മത്സ്യം കേടാകാതെ സൂക്ഷിക്കുന്നതെന്നും, പിടിക്കപ്പെടാതിരിക്കാൻ ഐസ് ക്യൂബുകളിലൂടെയാണ് ഇവ ചേർക്കുന്നതെന്നും ആരോപണമുണ്ട്.


ഇത്തരത്തിലുള്ള പ്രവൃത്തികൾ വ്യാപകമാകുമ്പോൾ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട അധികൃതർ കോഴ വാങ്ങി നിസംഗത പുലർത്തുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. മത്സ്യ–മാംസ വ്യാപാര കേന്ദ്രങ്ങളിലും ഹോട്ടലുകളിലും പരിശോധന കർശനമാക്കിയില്ലെങ്കിൽ, ഹ്യൂമൻ റൈറ്റ് ഫൗണ്ടേഷൻ ചെയർമാൻ ഡോ. പി. സി. അച്ചൻകുഞ്ഞുമായി ആലോചിച്ച് ആരോഗ്യവകുപ്പ് ജില്ലാ അധികാരികൾക്കെതിരെ മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി എന്നിവർക്കും പരാതി നൽകുമെന്ന് ഹ്യൂമൻ റൈറ്റ് ഫൗണ്ടേഷൻ ഇടുക്കി താലൂക്ക് സെക്രട്ടറി കെ. എസ്. മധുവും കമ്മിറ്റിയംഗങ്ങളായ ഷാജൻ ഫിലിപ്പ്, രാജു ഉപ്പുതോട് എന്നിവർ അറിയിച്ചു.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA