പൈനാവ് –അശോക കവല റോഡിൽ, പി ആർ ഗ്യാസ് ഏജൻസിക്ക് സമീപം, ഹോട്ടൽ മാലിന്യം അനധികൃതമായി തള്ളിയ സംഭവത്തിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അധികൃതർ നടപടി ആരംഭിച്ചു. റോഡരികിലും സമീപത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിലുമായാണ് മാലിന്യം കെട്ടിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
മിൽമ പാൽ കവറുകൾ, പ്ലാസ്റ്റിക് കുപ്പികൾ, ഉപയോഗിച്ച പ്ലേറ്റുകളും ഗ്ലാസുകളും, ഭക്ഷണാവശിഷ്ടങ്ങൾ, പാചകമാലിന്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വൻതോതിലുള്ള ഹോട്ടൽ മാലിന്യങ്ങളാണ് ഇവിടെ തള്ളിയിരുന്നത്. ദുർഗന്ധവും ശുചിത്വപ്രശ്നങ്ങളും കാരണം പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യത്തിലായിരുന്നു സംഭവം പുറത്തുവന്നത്.
പ്രദേശവാസികളുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. റോഡരികിൽ അനധികൃതമായി മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, മണിയറൻകുടിയിലെ ഒരു ഹോട്ടലിൽ നിന്നാണ് മാലിന്യം ഇവിടെ തള്ളിയതെന്ന് വ്യക്തമായി. പരിശോധനയിൽ മാലിന്യം തള്ളിയ വ്യക്തിയെ തിരിച്ചറിഞ്ഞതായും അധികൃതർ അറിയിച്ചു.
സംഭവത്തിൽ ബന്ധപ്പെട്ട സ്ഥാപനത്തിന് പിഴ ചുമത്തുകയും, ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. പൊതുജനാരോഗ്യവും പരിസ്ഥിതി സംരക്ഷണവും മുൻനിർത്തി ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്കെതിരെ കടുത്ത നടപടി തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


