HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ വികസനവും രാഷ്ട്രീയവും നേർക്കുനേർ! കോടികളുടെ വികസന ഫണ്ട് നഷ്ടപ്പെടുമെന്ന ആരോപണങ്ങൾ കനക്കുമ്പോൾ, പ്രതിപക്ഷ പ്രതിഷേധം പൂര്‍ണമായും രാഷ്ട്രീയ പ്രേരിതമാണെന്ന് തുറന്നടിച്ച് പഞ്ചായത്ത് ഭരണസമിതി.

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിപക്ഷ അംഗങ്ങൾ നടത്തുന്ന പ്രതിഷേധം രാഷ്ട്രീയ പ്രേരിതമെന്ന് യു.ഡി.എഫ് ഭരണസമിതി


വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിപക്ഷ അംഗങ്ങൾ നടത്തുന്ന പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്ന് യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതി വ്യക്തമാക്കി. പദ്ധതി വിനിയോഗത്തിൽ സംസ്ഥാനത്ത് തന്നെ പിന്നിലായിരുന്ന പഞ്ചായത്തിനെ വികസന രംഗത്ത് മുൻപന്തിയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് പുതിയ ഭരണസമിതി നടത്തുന്നതെന്ന് വാർത്താസമ്മേളനത്തിൽ അവർ പറഞ്ഞു. മുൻ ഭരണസമിതികൾ ശാസ്ത്രീയ അടിസ്ഥാനമില്ലാത്തതും നടപ്പിലാക്കാൻ സാധിക്കാത്തതുമായ പദ്ധതികൾ ഏറ്റെടുത്തതിനെ തുടർന്ന് കോടികൾ വിലവരുന്ന ഫണ്ട് നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ടായിരുന്നുവെന്നും, ഭരണ-പ്രതിപക്ഷ അംഗങ്ങൾ ചേർന്നുള്ള ചർച്ചയ്ക്ക് ശേഷമാണ് പല പദ്ധതികളും തിരുത്തി ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ അംഗീകാരം നേടിയെടുത്തതെന്നും അറിയിച്ചു. 


തടിയമ്പാട് ബസ്റ്റാൻ്റ് നിർമാണത്തിനായി മുൻ എൽ.ഡി.എഫ് ഭരണസമിതി വാങ്ങിയ ഭൂമി മണ്ണ് മാറ്റാൻ അനുയോജ്യമല്ലെന്ന് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് അനുമതി നിഷേധിച്ചതായും ഭരണസമിതി പറഞ്ഞു. ചെറുതോണിയിലെ “ടേക്ക് എ ബ്രേക്ക്” പദ്ധതിക്കും മണിയാറൻകുടിയിലെ ഓപ്പൺ ജിം പദ്ധതിക്കും ആവശ്യമായ സ്ഥലം ലഭ്യമല്ലാത്തതിനാലാണ് ഫണ്ട് മാറ്റി വകയിരുത്തിയതെന്നും വ്യക്തമാക്കി. ഇത്തരം പദ്ധതികൾ തിരുത്തി നടപ്പിലാക്കാൻ കഴിയുന്ന പുതിയ പ്രോജക്ടുകൾക്ക് അനുമതി നേടാത്ത പക്ഷം മാർച്ച് മാസം അവസാനിക്കുന്നതോടെ പഞ്ചായത്ത് ഫണ്ട് നഷ്ടപ്പെടുമെന്ന സാഹചര്യമാണ് ഉണ്ടായിരുന്നതെന്ന് ഭരണസമിതി വ്യക്തമാക്കി. ഗാന്ധിനഗറിലെ ഭവന നിർമ്മാണ പദ്ധതിയിൽ ഗുണഭോക്തൃ പട്ടിക പോലും തയ്യാറാക്കാതെയാണ് മുൻ ഭരണസമിതി പണം നഷ്ടപ്പെടുത്തിയതെന്ന ആരോപണവും യു.ഡി.എഫ് അംഗങ്ങൾ ഉന്നയിച്ചു. ഫീസിബിലിറ്റി ലഭിക്കാത്ത പദ്ധതിക്കായി 13 ലക്ഷം രൂപ ഡി.പി.ആർ തയ്യാറാക്കിയ കമ്പനിക്ക് നൽകണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും ഭരണസമിതി വ്യക്തമാക്കി.


2015-16 സാമ്പത്തിക വർഷത്തിൽ യു.ഡി.എഫ് ഭരണസമിതി ഇടുക്കി ജില്ലാ ബാങ്കിൽ നിന്ന് വായ്പയെടുത്ത് നടപ്പിലാക്കിയ ജവഹർ ഭവന നിർമ്മാണ പദ്ധതിയുടെ വായ്പ തിരിച്ചടവിൽ പിന്നീട് വന്ന എൽ.ഡി.എഫ് ഭരണസമിതി കുടിശ്ശിക വരുത്തി പഞ്ചായത്തിനെ ഒരു കോടി മുപ്പത്തിമൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയിൽ ആഴ്ത്തിയെന്നും ആരോപിച്ചു. ഈ സാമ്പത്തിക വർഷം 100 ശതമാനം നടപ്പിലാക്കാൻ കഴിയുന്ന പദ്ധതികൾക്കാണ് തിരുത്തൽ പ്രോജക്ട് വഴി അനുമതി നേടിയെടുത്തിട്ടുള്ളതെന്നും, ഭാവിയിൽ ബസ്റ്റാൻ്റ്, ടേക്ക് എ ബ്രേക്ക്, ഓപ്പൺ ജിം തുടങ്ങിയ പദ്ധതികൾക്കായി സർക്കാർ ഫീസിബിലിറ്റി ലഭിച്ച് സ്ഥലം കൈമാറുന്ന സാഹചര്യത്തിൽ ഫണ്ട് മാറ്റിവെച്ച് നിർമാണം നടത്തുമെന്നും ഭരണസമിതി അറിയിച്ചു. അടുത്ത സാമ്പത്തിക വർഷത്തിൽ ഗാന്ധിനഗറിലെ അർഹരായ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കി ഭവന നിർമാണത്തിന് മുൻഗണന നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.


വാർത്താസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ആൻസി തോമസ്, വൈസ് പ്രസിഡൻറ് സെലിൻ വിൻസൻറ്, സിബി തകരപ്പിള്ളി, ജോസഫ് പി.പി, കലേഷ് സി.ജി, രവി സുധാകരൻ, ടിന്റു സുഭാഷ്, സാലി ബാബു, റിൻസി സി.ബി, ഷോബി ജെയ്‌സൺ എന്നിവർ പങ്കെടുത്തു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS