HONESTY NEWS ADS

ചോദ്യങ്ങളോട് അസഹിഷ്ണുത: രാജകുമാരിയിൽ കെ.സി വേണുഗോപാലിന്റെ സാന്നിധ്യത്തിൽ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തതിൽ കോൺഗ്രസിനെതിരെ സിപിഎം

ഇടുക്കി: മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെട്ട സംഭവം അത്യന്തം പ്രതിഷേധാർഹമെന്ന് സിപിഐ(എം) ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ്


ഇടുക്കി രാജകുമാരിയിൽ കോൺഗ്രസ് ദേശീയ നേതാവിന്റെ സാന്നിധ്യത്തിൽ മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെട്ട സംഭവം അത്യന്തം പ്രതിഷേധാർഹമെന്ന് സിപിഐ(എം) ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ്. സീറ്റ് കോഴ വിവാദത്തിലെ ചോദ്യങ്ങളോടുള്ള അസഹിഷ്ണുതയാണ് അക്രമത്തിന് പിന്നിലെന്നും, മാധ്യമപ്രവർത്തകരെ ആക്രമിച്ചവർക്കെതിരെ പോലീസ് കേസെടുക്കണമെന്നും സിപിഐ(എം) വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.


രാജ്യത്താകെ ചർച്ച ചെയ്യപ്പെടുന്ന സീറ്റ് കോഴ വിവാദം കോൺഗ്രസ് നേരിടുന്ന രാഷ്ട്രീയ ജീർണ്ണതയുടെ മുഖമുദ്രയാണെന്ന് സിപിഐ(എം) വിമർശിച്ചു. രാജകുമാരിയിൽ വെച്ച് കെ.സി. വേണുഗോപാലിന്റെ നിർദ്ദേശപ്രകാരമാണ് അണികൾ കൈരളി റിപ്പോർട്ടർ അഖിലിനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്. തോൽവിയിൽ വിറളിപൂണ്ട കോൺഗ്രസ് നേതൃത്വത്തിന്റെ ഇത്തരം ഗുണ്ടാവിളയാട്ടങ്ങൾക്കെതിരെ സമൂഹം ജാഗ്രത പാലിക്കണം. നിർഭയമായി ജോലി ചെയ്യാനും ചോദ്യങ്ങൾ ചോദിക്കാനുമുള്ള മാധ്യമപ്രവർത്തകരുടെ അവകാശത്തെ തടയാൻ ആർക്കും കഴിയില്ലെന്നും സിപിഐ(എം) പ്രസ്താവനയിൽ വ്യക്തമാക്കി.


ഇടുക്കിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രികാ സമർപ്പണ ദിവസം ധീരജ് വധക്കേസിലെ ഒന്നാം പ്രതി നിഖിൽ പൈലി മാധ്യമപ്രവർത്തകരോട് ആക്രോശിച്ച സംഭവവും സിപിഐ(എം) ചൂണ്ടിക്കാട്ടി. കൊലക്കേസ് പ്രതികളെ ഒപ്പം കൂട്ടിയുള്ള ഇത്തരം അക്രമരീതികൾ ജനാധിപത്യത്തിന് ഭൂഷണമല്ല. കോൺഗ്രസിന്റെ നിർദ്ദേശപ്രകാരമാണ് മാധ്യമങ്ങൾക്ക് നേരെയുള്ള ഈ കടന്നുകയറ്റമെന്നും, ഇടുക്കിയിൽ നിഷ്പക്ഷമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്കെതിരെ ഏത് ഭാഗത്ത് നിന്നും ആസൂത്രിത നീക്കമുണ്ടായാലും അതിശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വരുമെന്നും സിപിഐ(എം) ജില്ലാ സെക്രട്ടറി സി.വി വർഗ്ഗീസ് വ്യക്തമാക്കി.


SBI HOME LOAN - SHYBU


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS