ക്രൈസ്തവ വിശ്വാസികളുടെ ഏറ്റവും വിശുദ്ധമായ ദിനങ്ങളായ പെസഹാ വ്യാഴം, ഈസ്റ്റർ ദിവസങ്ങളിൽ എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സഭാ നേതൃത്വം. പരീക്ഷാ തിയതികൾ അടിയന്തരമായി മാറ്റണമെന്ന് കോതമംഗലം രൂപത വൈദികയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു..
വിശുദ്ധ വാരത്തിൽ പരീക്ഷകൾ നിശ്ചയിച്ചത് ക്രൈസ്തവ സമൂഹത്തോടുള്ള അനീതിയാണെന്ന് കോതമംഗലം രൂപത വൈദികയോഗം കുറ്റപ്പെടുത്തി. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം നോമ്പാചരണത്തിന്റെയും പ്രാർത്ഥനയുടെയും ദിനങ്ങളാണിത്. ഈ ദിവസങ്ങളിൽ പരീക്ഷ നടത്താനുള്ള തീരുമാനം യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ല. ഈ ദിനങ്ങളിൽ പരീക്ഷ നിശ്ചയിച്ചത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കടുത്ത മാനസിക പ്രയാസം സൃഷ്ടിക്കുമെന്നും സഭ ചൂണ്ടിക്കാട്ടുന്നു.
വിശ്വാസികളുടെ മതസ്വാതന്ത്ര്യത്തിന്മേലുള്ള വ്യക്തമായ കടന്നുകയറ്റമായാണ് സഭ ഇതിനെ നോക്കിക്കാണുന്നത്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പള്ളിയിലെ തിരുകർമ്മങ്ങളിൽ പങ്കെടുക്കുന്നതിന് തടസ്സമാകുന്ന രീതിയിലുള്ള ഈ തീരുമാനം അധികൃതർ അടിയന്തരമായി പിൻവലിക്കണം. പെസഹാ വ്യാഴം, ഈസ്റ്റർ ദിനങ്ങളിലെ പരീക്ഷകൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും കോതമംഗലം രൂപത വൈദിക യോഗം ശക്തമായി ആവശ്യപ്പെട്ടു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.






