ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം തടവ്. ഇതിനൊപ്പം പിഴയായി ഒരു ലക്ഷം രൂപയും ശിക്ഷാവിധിയിലുണ്ട്. പ്രതിക്ക് 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തം തടവും 310-ാം വകുപ്പ് പ്രകാരം മറ്റൊരു ജീവപര്യന്തം തടവുമാണ് കോടതി വിധിച്ചത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമുള്ള 30 വര്‍ഷത്തെ തടവിന് ശേഷമാണ് കൊലക്കുറ്റത്തിനുള്ള ജീവപര്യന്തം തടവ് ആരംഭിക്കുക. വന്ദനാ ദാസ് കൊലപാതകത്തെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി കണക്കാക്കി വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കൊലക്കുറ്റത്തിന് ജീവപര്യന്തം കഠിന തടവും വധശ്രമത്തിന് പത്ത് വര്‍ഷം കഠിന തടവും 326-ാം വകുപ്പ് പ്രകാരം പത്ത് വര്‍ഷം കഠിന തടവും ആശുപത്രിയില്‍ അതിക്രമം നടത്തിയ കുറ്റത്തിന് അഞ്ച് വര്‍ഷം കഠിന തടവുമാണ് നല്‍കിയിരിക്കുന്നത്. 323,324,332,333 വകുപ്പുകള്‍ പ്രകാരമാണ് സന്ദീപ് 30 വര്‍ഷത്തെ തടവ് അനുഭവിക്കേണ്ടത്. എന്നാല്‍ ശിക്ഷ അപര്യാപ്തമാണെന്നാണ് പ്രോസിക്യൂഷന്റേയും വന്ദനയുടെ മാതാപിതാക്കളുടേയും പ്രതികരണം. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് ഇവരുടെ തീരുമാനം.
സന്ദീപ് കേസില്‍ കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അമ്മക്ക് താന്‍ മാത്രമേ ഉള്ളുവെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നുമാണ് കോടതിയോട് സന്ദീപ് ആവശ്യപ്പെട്ടിരിക്കുന്നത്. ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനുള്ള ബാലിശമായ കാരണങ്ങള്‍ മാത്രമാണ് പ്രതിയുടേതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പശ്ചാത്താപത്തിന്റെ ഒരു കണിക പോലും പ്രതിയില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. വന്ദനയെ ക്രൂരമായി കൊലപ്പെടുത്തി. അലറിവിളിച്ച് പുറത്തേക്ക് പോയ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കയ്യില്‍ പിടിച്ച് തന്റെ ശരീരത്തോട് ചേര്‍ത്ത് നിര്‍ത്തി കുത്തി കൊലപ്പെടുത്തുകയാണ് പ്രതി ചെയ്തതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
2023 മെയ് 10ന് പുലര്‍ച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് ഡോക്ടര്‍ വന്ദനാ ദാസിനെ മദ്യലഹരിയില്‍ പ്രതി സന്ദീപ് കുത്തി കൊലപ്പെടുത്തിയത്. നെടുമ്പനയിലെ എയ്ഡഡ് സ്‌കൂള്‍ അധ്യാപകനായിരുന്ന കുടവട്ടൂര്‍ സ്വദേശി സന്ദീപ് ഡോ.വന്ദനയെ സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചാണ് കുത്തി കൊലപ്പെടുത്തിയത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.






