ആനച്ചാൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഓഫീസിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ ഇടുക്കി മരിയാപുരം സ്വദേശി 'ചുഴലി മഹേഷ്' എന്നറിയപ്പെടുന്ന മഹേഷ് നാരായണനെയാണ് വെള്ളത്തൂവൽ പൊലീസ് പീരുമേട്ടിൽ വെച്ച് പിടികൂടിയത്. ജയിൽ മോചിതനായി ദിവസങ്ങൾക്കകമായിരുന്നു ഇയാൾ വീണ്ടും മോഷണം നടത്തിയത്.
പതിനഞ്ചോളം മോഷണക്കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് നാല്പത്തിയെട്ടുകാരനായ ചുഴലി മഹേഷ്. കഴിഞ്ഞ മാർച്ച് 21-നാണ് ഇയാൾ ശിക്ഷ കഴിഞ്ഞ് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. തുടർന്ന് മൂന്നാറിലും ആനച്ചാലിലുമെത്തിയ പ്രതി ആനച്ചാൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിന്റെ ഓഫീസിൽ കയറി മോഷണം നടത്തുകയായിരുന്നു.
മോഷണത്തിന് ശേഷം കേരളത്തിലും തമിഴ്നാട്ടിലുമായി ഇയാൾ ഒളിവിൽ കഴിഞ്ഞു. തമിഴ്നാട്ടിലെ കമ്പം, തേനി കൂടാതെ പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ യാത്ര ചെയ്ത പ്രതിയെ, മോഷണം നടന്ന് ആറാം ദിവസമാണ് പീരുമേട് ടൗണിൽ വെച്ച് പോലീസ് അതിവിദഗ്ദ്ധമായി പിടികൂടുന്നത്. മോഷണം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച വിരലടയാളങ്ങളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. പ്രതിയുടെ വിവരങ്ങൾ മറ്റ് ഇടങ്ങളിലും പോലീസ് യഥാസമയം കൈമാറിയിരുന്നു.
വെള്ളത്തൂവൽ പോലീസ് ഇൻസ്പെക്ടർ ലെബിമോന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ എൽദോ, ഷാജി, എ.എസ്.ഐ ബിജു, സീനിയർ സിവിൽ പോലീസ് ഓഫീസർ അനീഷ് മനയത്ത്, സിവിൽ പോലീസ് ഓഫീസർമാരായ സജീവ്, ഷിജോ ജോസഫ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.






