HONESTY NEWS ADS

കുട്ടിക്കാനത്ത് വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം; വാഹനങ്ങളെ പിന്തുടർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ 10 പേർ റിമാൻഡിൽ

വിനോദസഞ്ചാരികളെ വാഹനങ്ങളിൽ പിന്തുടർന്ന് ആക്രമിച്ച പത്ത് പേർ അറസ്റ്റിൽ


പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ വിനോദസഞ്ചാരികളെ വാഹനങ്ങളിൽ പിന്തുടർന്ന് ആക്രമിച്ച പത്ത് പേർ അറസ്റ്റിൽ. പുത്തൻചന്ത, മുളംകായം സ്വദേശികളായ പത്തംഗ സംഘത്തെയാണ് പെരുവന്താനം പോലീസ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശികളായ സഞ്ചാരികൾക്ക് നേരെയാണ് കുട്ടിക്കാനത്തും പെരുവന്താനത്തും വെച്ച് ആക്രമണമുണ്ടായത്.


മാർച്ച് 24-ാം തീയതി മുണ്ടക്കയത്ത് വെച്ചാണ് സംഭവങ്ങളുടെ തുടക്കം. തിരുവനന്തപുരത്ത് നിന്നെത്തിയ വിനോദസഞ്ചാരികൾ കാറിലിരുന്ന് മദ്യപിച്ചത് പുത്തൻചന്ത സ്വദേശിയായ ആസിഫ് ചോദ്യം ചെയ്തിരുന്നു. തുടർന്ന് പ്രകോപിതരായ സഞ്ചാരികൾ ആസിഫിനെ അധിക്ഷേപിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.


ഇതിന് പിന്നാലെ ആസിഫിന്റെ പിതാവ് ഷിയാസിന്റെ നേതൃത്വത്തിൽ സുഹൃത്തുക്കൾ സംഘടിക്കുകയും മൂന്ന് കാറുകളിലും ഒരു ഓട്ടോറിക്ഷയിലുമായി വിനോദസഞ്ചാരികളുടെ വാഹനത്തെ പിന്തുടരുകയും ചെയ്തു. പെരുവന്താനത്തും കുട്ടിക്കാനത്തും വെച്ച് ഇവരെ തടഞ്ഞുനിർത്തിയ സംഘം വിനോദസഞ്ചാരികളെ മർദ്ദിക്കുകയും വാഹനത്തിന്റെ ചില്ലുകൾ തകർത്ത് റോഡിൽ വലിയ രീതിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.


തുടർന്ന് പെരുവന്താനം ഇൻസ്പെക്ടർ തൃദീപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പത്ത് പ്രതികളും പിടിയിലായത്. പുത്തൻചന്ത സ്വദേശികളായ ഷിബിൻ നൂറുദ്ദിൻ, ഷാരോൺ, അഫ്സൽ നാസർ, ഷാലു സുധാകരൻ, ഷിയാസ്, അരുൺ പി മോഹൻ, രാഹുൽ, ഫാസിൽ മുഹമ്മദ്, അൽ റാഹം, മുളംകായം സ്വദേശി ശരത് എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സബ് ഇൻസ്പെക്ടർമാരായ അനൂപ്, സതീഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.


ACHAYANS GOLD KATTAPPAN




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS