ഇടുക്കി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയുടെ കൊട്ടിക്കലാശത്തിനിടയിൽ മാധ്യമപ്രവർത്തകന് കോൺഗ്രസ് നേതാവിന്റെ ഭീഷണി. ചെറുതോണി പ്രസ് ക്ലബ് അംഗമായ ടിൻസ് ജെയിംസിനെയാണ് വാഴത്തോപ്പ് പഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് ജില്ലാ നേതാവുമായ ജോയ് വർഗീസ് ഭീക്ഷണിപെടുത്തിയത്. ഡിസിസി പ്രസിഡണ്ട് സി.പി മാത്യു കഴിഞ്ഞദിവസം വാഴത്തോപ്പിൽ നടത്തിയ വിവാദ പ്രസംഗം റിപ്പോർട്ട് ചെയ്തതാണ് നേതാവിനെ ചൊടിപ്പിച്ചത്. തന്നെ കൈകാര്യം ചെയ്യുമെന്നും ഞങ്ങൾ ഇവിടെ തന്നെ ഉണ്ടാകു മെന്നുമാണ് നേതാവിൻ്റെയും കണ്ടാൽ അറിയാവുന്ന അഞ്ചോളം പേരുടെയും ഭീഷണി.
മണ്ഡലത്തിൽ അനായാസേന വിജയിക്കാം എന്ന അമിത പ്രതീക്ഷയാണ് നേതാക്കളുടെ ഇത്തരം ധിക്കാര നടപടിയ്ക്ക് കാരണമായിരിക്കുന്നത്. കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പരസ്യമായി പ്രസംഗിച്ച കാര്യം റിപ്പോർട്ട് ചെയ്യരുതായിരുന്നു എന്നാണ് നേതാക്കളുടെ വാദം. എന്നാൽ പരസ്യമായി പ്രസംഗിച്ച കാര്യം റിപ്പോർട്ട് ചെയ്യുന്നതിൽ തെറ്റില്ല എന്ന നിലപാടാണ് മാധ്യമ പ്രവർത്തകർ സ്വീകരിച്ചത്. ഇതാണ് നേതാക്കളെ ചൊടിപ്പിച്ചതും. തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തിൽ പല മേഖലകളിലും മാധ്യമപ്രവർത്തകർക്ക് നേരെ യുഡിഎഫ് നേതാക്കളുടെ ഭീഷണി ഉയർന്നിട്ടുണ്ട്.
മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത നടപടികൾ ചെറുതോണി പ്രസ്‌ക്ലബ് അടിയന്തരയോഗം ചേർന്ന് പ്രതിഷേധം രേഖപ്പെടുത്തി. നേതാക്കൾക്കെതിരെ കർശന നടപടി വേണമെന്ന പ്രമേയവും പാസാക്കി. പ്രസിഡണ്ട് ഔസേപ്പച്ചൻ ഇടക്കുളത്തിൽ അധ്യക്ഷനായിരുന്നു. സെക്രട്ടറി കെ എസ് മധു, വൈസ് പ്രസിഡൻ്റ് ബിജു വൈശ്യൻ, ട്രെഷറർ വി.കെ സ്റ്റാലിൻ, ജോ.സെക്രട്ടറി കെ. എം ജലാലുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.
.






