HONESTY NEWS ADS

കുടകില്‍ ട്രക്കിങ്ങിനിടെ ശരണ്യയെ കാണാതായിട്ട് നാല് ദിവസം; തിരച്ചില്‍ ഊര്‍ജിതം

കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതിക്കായി നാലാം ദിവസവും തിരച്ചില്‍ തുടരുന്നു


കര്‍ണാടകയിലെ കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതിക്കായി നാലാം ദിവസവും തിരച്ചില്‍ തുടരുന്നു. കോഴിക്കോട് നാദാപുരം സ്വദേശിനിയും, കൊച്ചിയില്‍ ഐ.ടി. കമ്പനി ജീവനക്കാരിയുമായ ജി.എസ്. ശരണ്യയെ ആണ് വ്യാഴാഴ്ച ഉച്ചയോടെ കാണാതായത്. കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥരും, പൊലീസും ചേര്‍ന്ന് അഞ്ച് സംഘങ്ങളായി തിരിച്ചാണ് തിരച്ചില്‍ നടക്കുന്നത്.


ട്രക്കിങ്ങും സാഹസികതയും ഏറെ ഇഷ്ടപ്പെടുന്ന ശരണ്യ കൊച്ചിയില്‍നിന്നാണ് കുടകിലെത്തിയത്. കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറുകയായിരുന്നു ലക്ഷ്യം. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് ശരണ്യ താമസിച്ചത്. ഹോംസ്റ്റേയിലെത്തിയ മറ്റുള്ളവര്‍ക്കൊപ്പം വ്യാഴാഴ്ച രാവിലെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ശരണ്യ ഉള്‍പ്പെടെയുള്ള സംഘം ട്രക്കിങ്ങിനായി പുറപ്പെട്ടത്. കാട്ടാന ശല്യമുള്ളതിനാല്‍ മറ്റ് 10 പേര്‍ അടങ്ങുന്ന സംഘത്തിനൊപ്പം പോകാന്‍ ശരണ്യയോട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല. യാത്രയ്ക്കിടെ ശരണ്യയെ കാണാതാവുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ തനിക്ക് വഴിതെറ്റിപ്പോയെന്ന് ശരണ്യ ഹോംസ്റ്റേയില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ഹോംസ്റ്റേ ജീവനക്കാരും, നാട്ടുകാരും വനപ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ, ശരണ്യയുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫായി. തുടര്‍ന്നാണ് വനംവകുപ്പിനെയും പൊലീസിനെയും വിവരമറിയിച്ചത്.


കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്നാണ് തിരച്ചില്‍ തുടരുന്നത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍. ഡ്രോണുകളും സ്‌നിഫര്‍ നായകളെയും ഉപയോഗിച്ച് വനത്തിന് അകത്തും മറ്റ് വഴികളിലും പരിശോധന നടത്തുന്നുണ്ട്. നക്‌സല്‍ വിരുദ്ധ സേനയും തിരച്ചില്‍ സംഘത്തിലുണ്ട്. വടകര താലൂക്ക് കാര്‍ഷിക വികസന ബാങ്കില്‍ നിന്നു വിരമിച്ച വടക്കയില്‍ ഗോപിയുടെയും ഷൈലജയുടെയും മകളാണു ശരണ്യ. മകള്‍ രണ്ടാഴ്ച മുമ്പ് വീട്ടിലെത്തിയിരുന്നു എന്നും, തനിച്ച് ഇതിനുമുമ്പും ട്രക്കിങ്ങിനു പോയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്തരമൊരു സംഭവം എന്നും പിതാവ് ഗോപി പറഞ്ഞു.


ബെംഗളൂരുവില്‍ എന്‍ജിനീയറായ ശരണ്യയുടെ സഹോദരന്‍ ശ്യാം അടക്കമുള്ളവര്‍ തിരച്ചിലിനു സന്നദ്ധരായി കുടകിലെത്തിയിട്ടുണ്ട്. നാദാപുരം എംഎല്‍എ ഇ.കെ. വിജയന്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായും റൂറല്‍ എസ്പിയുമായും ബന്ധപ്പെട്ടതായി അറിയിച്ചു. കനത്ത കാടും പ്രതികൂലമായ കാലാവസ്ഥയും തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. സാധാരണഗതിയില്‍ ഇവിടെ ട്രെക്കിങ്ങിനെത്തുന്ന സഞ്ചാരികള്‍ക്ക് വഴിതെറ്റിയാലും രണ്ട് മൂന്ന് മണിക്കൂര്‍ കൊണ്ട് ട്രെക്കിങ് പാത കണ്ടെത്താറുണ്ടെന്നാണ് പൊലീസ് പറയുന്നത്. യുവതി അപകടത്തില്‍പ്പെട്ടതാണോ, വഴിമാറി സഞ്ചരിച്ചതാണോയെന്നും അധികൃതര്‍ പരിശോധിക്കുന്നുണ്ട്.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS