HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഡ്രൈവിങ് ലൈസൻസ് പരീക്ഷയിൽ സുപ്രധാന മാറ്റം: 'എച്ച്' ടെസ്റ്റിൽ ഇനി റിവേഴ്സ് ക്യാമറയും ഉപയോഗിക്കാം

സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് പരീക്ഷാ നടപടികളിൽ സുപ്രധാന മാറ്റം നടപ്പിലാക്കി മോട്ടോർ വാഹന വകുപ്പ്


സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് പരീക്ഷാ നടപടികളിൽ സുപ്രധാന മാറ്റം നടപ്പിലാക്കി മോട്ടോർ വാഹന വകുപ്പ്. ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) വിഭാഗത്തിലെ ഡ്രൈവിങ് ടെസ്റ്റിന്റെ പ്രധാന ഘടകമായ ‘എച്ച്’ ടെസ്റ്റിൽ ഇനി മുതൽ റിവേഴ്സ് ഗിയറിലിട്ട് വാഹനം നിയന്ത്രിക്കുമ്പോൾ റിയർവ്യൂ അഥവാ റിവേഴ്സ് ക്യാമറ ഉപയോഗിക്കാൻ അനുമതി ലഭിക്കും. കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ വന്ന പുതിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് കേരളത്തിലും ഈ മാറ്റം നടപ്പിലാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത് എന്നാണ് റിപ്പോർട്ടുകൾ.


ഇതുവരെ ഡ്രൈവിങ് ടെസ്റ്റിനിടെ വാഹനത്തിന്റെ വശങ്ങളിലെയും ഉൾഭാഗത്തെയും റിയർവ്യൂ മിററുകൾ മാത്രം ഉപയോഗിച്ചായിരുന്നു വാഹനം പിന്നോട്ട് ഓടിക്കേണ്ടിയിരുന്നത്. റിയർവ്യൂ ക്യാമറയുടെ സഹായം സ്വീകരിക്കുന്നത് അനുവദിച്ചിരുന്നില്ല. എന്നാൽ ആധുനിക വാഹനങ്ങളിൽ സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി റിവേഴ്സ് ക്യാമറകളും പാർക്കിംഗ് സെൻസറുകളും വ്യാപകമായി ഉപയോഗത്തിലായ സാഹചര്യത്തിലാണ് പുതിയ തീരുമാനം.


നിലവിൽ വിപണിയിൽ ലഭ്യമായ ഭൂരിഭാഗം പുതിയ വാഹനങ്ങളിലും കമ്പനി ഫിറ്റഡ് റിയർവ്യൂ ക്യാമറ സംവിധാനമുണ്ട്. വാഹന സാങ്കേതികവിദ്യയിൽ ഉണ്ടായ മാറ്റങ്ങൾ പരിഗണിച്ച് ഡ്രൈവിങ് ടെസ്റ്റുകളും കാലാനുസൃതമായി പരിഷ്‌കരിക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ ഇളവ് അനുവദിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.


എന്നാൽ റിയർവ്യൂ ക്യാമറ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ചില നിർണായക നിബന്ധനകളും മോട്ടോർവാഹന വകുപ്പ് മുന്നോട്ടുവച്ചിട്ടുണ്ട്. പരീക്ഷാർത്ഥികൾ ക്യാമറ മാത്രം ആശ്രയിച്ച് വാഹനം പിന്നോട്ട് എടുക്കാൻ പാടില്ല. പരമ്പരാഗത രീതിയിൽ സൈഡ് മിററുകളും ഇൻസൈഡ് റിയർവ്യൂ മിററും കൃത്യമായി നിരീക്ഷിച്ചുകൊണ്ടായിരിക്കണം വാഹനം നിയന്ത്രിക്കേണ്ടത്. റിയർവ്യൂ ക്യാമറ ഒരു അധിക സഹായ ഉപാധിയായി മാത്രമേ ഉപയോഗിക്കാവൂ.


ടെസ്റ്റിനിടെ ഉദ്യോഗാർത്ഥി പൂർണമായും ക്യാമറ ഡിസ്‌പ്ലേയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് വാഹനം നിയന്ത്രിക്കുന്നതായി കണ്ടെത്തിയാൽ അത് അയോഗ്യതയ്ക്ക് കാരണമാകാമെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷിതമായ ഡ്രൈവിങ് ശീലങ്ങൾ വളർത്തിയെടുക്കുന്നതിനൊപ്പം പുതിയ സാങ്കേതിക സൗകര്യങ്ങളുടെ പ്രയോജനവും പരീക്ഷാർത്ഥികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്‌കാരമെന്നും അധികൃതർ പറയുന്നു.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS